ഗുണ്ടകളെപ്പോലെ അവർ തല്ലി

Thursday 06 February 2025 1:34 AM IST

പത്തനംതിട്ട: ഏഴാംമൈലിൽ കല്യാണത്തിൻ്റെ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഞങ്ങൾ '- പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിയുന്ന സിതാര പൊലീസിൽനിന്നു നേരിട്ട ക്രൂരത ഓർത്തെടുത്തു. മലയാലപ്പുഴയിലുള്ള ഒരാളെ ഇറക്കാൻ വേണ്ടിയാണ് പത്തനംതിട്ടയിൽ നിറുത്തിയത്.

ഞാനും ഭർത്താവും കൂട്ടി റോഡിലൂടെ കുറച്ചു നടന്നു.അതിനിടെ സെൽഫി എടുത്തു. പെട്ടന്നാണ് പൊലീസ് വണ്ടി വന്ന് നിറുത്തിയത്. ഓടെടാ എന്നു പറഞ്ഞത് കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ രണ്ടു മൂന്ന് പേർ വടിയുമായി ഓടി വരുന്നതുകണ്ടു. ഞാനും ഭർത്താവും ഭയന്നുപോയി.

അവർ പൊലീസ് യൂണിഫോമിൽ ആയിരുന്നില്ല. ഏതോ ഗുണ്ടകളാണെന്ന് തോന്നി. എന്താ ചെയ്യേണ്ടത്, പറയേണ്ടത് എന്ന് ചിന്തിക്കാൻ പോലും പറ്റിയില്ല. ഞങ്ങൾ രണ്ടു പേരും ഓടി. അവർ ആക്രോശിച്ചുകൊണ്ട് ഓടി വന്നു. ഭർത്താവിന് തലയ്ക്ക് അടി കിട്ടി. ഞങ്ങൾ വീണു. ഒരാൾ എൻ്റെ പുറത്തു ചവിട്ടി . അസഭ്യം പറഞ്ഞു കൊണ്ട് അവർ തിരിച്ചു പോയി.

മറ്റുള്ളവർ പറഞ്ഞാണ് എസ്. ഐയും പൊലീസു കാരുമാണെന്ന് അറിഞ്ഞത്. ഞങ്ങൾ അഞ്ച് പേരാണ് വണ്ടിയിൽ നിന്നിറങ്ങി നടന്നത്. എൻ്റെ സഹോദരീ ഭർത്താവിനെയും അടിച്ചു. പുറത്തും കാലിനുമാണ് അടികിട്ടിയത്. രണ്ടുപേർ അടികൊണ്ട് ഓടി രക്ഷപെട്ടു