വിഴിഞ്ഞം തുറമുഖം വളരുമ്പോൾ എന്തൊക്കെ ബിസിനസ് ചെയ‌്താൽ കാശുണ്ടാക്കാം

Thursday 06 February 2025 12:17 PM IST

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സംബന്ധിച്ച് സുപ്രധാന വർഷമാണ് കടന്നുപോയത്. ട്രയൽ റൺ കഴിഞ്ഞു. ആദ്യ കപ്പലിനെ ആഘോഷത്തോടെ വരവേറ്റു. വാണിജ്യാടിസ്ഥാനത്തിൽ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങി. ലോകത്തെ ഭീമൻ കണ്ടെയ്‌നർ കപ്പലുകൾ ഇവിടെ നങ്കൂരമിട്ടു.

ഒരു തുറമുഖവുമായി ബന്ധപ്പെട്ട് ആ പ്രദേശത്ത് ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ളത് വെയർഹൗസ്, ലോജിസ്‌റ്റിക് എന്നീ മേഖലകൾക്കാണ്. എന്നാൽ അതുമാത്രമല്ല തുറമുഖത്തിന് അനുബന്ധമായി വികസിക്കുക. ഡ്രൈവർമാർക്ക് താമസിക്കാനുള്ള സൗകര്യം, അവർക്ക് ആവശ്യമായ സാധന സാമഗ്രികളുടെ കച്ചവടം, ഹോട്ടൽ, വിനോദം എന്നിവയെല്ലാം വൻതോതിൽ ബിസിനസ് അവസരങ്ങൾ ഒരുക്കും. വിഴിഞ്ഞം തുറമുഖം പൂർണതോതിൽ സജ്ജമാകുമ്പോൾ ഈ പറഞ്ഞവയെല്ലാമായിരിക്കും തിരുവനന്തപുരത്ത് വികസനപ്പൂക്കാലം കൊണ്ടുവരിക.

പത്തുവർഷത്തിനകം വിഴിഞ്ഞം രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര തുറമുഖമാകുമെന്നാണ് പ്രതീക്ഷ. ആഗോള തുറമുഖ വാണിജ്യ, വ്യാപാരമേഖലയിൽ ഇന്ത്യയ്ക്ക് മേൽക്കൈ നേടാൻ അതുവഴി സാധിക്കും. നിലവിലെ ആഗോള വ്യാപാര രീതികൾ മാറ്റിമറിക്കുന്നതാവും വിഴിഞ്ഞം. ഇതുവഴി കേരളവും ആഗോള വ്യാവസായിക ഹബാവും.

ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് മദർവെസലുകൾക്കും അൾട്രാലാർജ് കണ്ടെയ്നറുകൾക്കും അടുക്കാനാവും. ലോകത്ത് 53ഓട്ടോമേറ്റഡ് തുറമുഖങ്ങളേയുള്ളൂ. നിലവിലെ ഒരുമില്യൺ കണ്ടെയ്നർ ശേഷി അടുത്തഘട്ടങ്ങൾ പൂർത്തിയാവുന്നതോടെ 6.2മില്യണാവും. അതോടെ ദുബായ്, കൊളംബോ തുറമുഖങ്ങളോട് കിടപിടിക്കുന്നതാവും. കേരളത്തിന് ആഗോളവ്യാപാര മേഖലയിൽ കണക്ടിവിറ്റിയുണ്ടാവും. ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പ്രവേശനത്തിന് വിഴിഞ്ഞം സഹായകമാവും. വിഴിഞ്ഞം ലോജിസ്റ്റിക്ക് പാർക്ക് കേരളത്തിന്റെ ഉത്പാദനക്ഷമത കൂട്ടും. ഇലക്ട്രോണിക്സ്, എജിനിയറിംഗ്, ഭക്ഷ്യോത്പാദനം, ഹരിത ഹൈഡ്രജൻ, ഹരിത അമോണിയ വ്യവസായ ക്ലസ്റ്ററുകൾ, സ്വകാര്യ ലോജിസ്റ്റിക്സ് പാർക്കുകൾ എന്നിവയും വരും.