ഇത്ര ധൈര്യശാലികളോ?കടുവയുടെ തൊട്ടരികിൽ രണ്ട് യുവാക്കൾ; നിമിഷങ്ങൾക്കുളളിൽ സംഭവിച്ചത്
ലക്നൗ:കൃഷിയിടത്തിൽ കയറിയ കടുവയുടെ സമീപത്ത് സാഹസികമായി നിൽക്കുന്ന കർഷകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉത്തർപ്രദേശിലെ പിലിഭിത്തിലായിരുന്നു സംഭവം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പർവീൺ കസ്വാനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കർഷകനും കടുവയും തമ്മിലുളള ഏറ്റുമുട്ടൽ എന്ന ക്യാപ്ഷനോടുകൂടിയാണ് 42 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ അദ്ദേഹം പങ്കുവച്ചത്.
പുറത്തുവന്ന വീഡിയോയിൽ ഒരു കൃഷിയിടത്തിന് സമീപത്തായി ബൈക്കിൽ ഒരു കർഷകൻ ഇരിക്കുന്നുണ്ട്. അയാൾക്ക് സമീപത്തായി മറ്റൊരു കർഷകനും നിൽക്കുന്നുണ്ട്. കർഷകർ നിൽക്കുന്നത് അറിയാതെ കടുവ കൃഷിയിടത്തിൽ നിൽക്കുന്നുണ്ട്. കുറച്ച് സമയങ്ങൾക്കകം കടുവ കൃഷിയിടത്തിൽ നിന്ന് പ്രധാന വഴിയിലേക്കെത്തുന്നു. ഇത് കണ്ടതോടെ തിരികെ പോകാനായി കർഷകർ ബൈക്ക് സ്റ്റാർട്ട് ചെയ്യാനൊരുങ്ങുന്നുണ്ട്.
കർഷകരെ കണ്ടിട്ടും പ്രധാന വഴിയിൽ ആലസ്യത്തിൽ കിടക്കുകയാണ് കടുവ. വീഡിയോ ഇതിനകം തന്നെ വൈറലായി. കർഷകർക്ക് ഭാഗ്യമുണ്ടായിരുന്നു. അല്ലായിരുന്നെങ്കിൽ കടുവ പാഞ്ഞടുത്ത് ആക്രമിക്കുമായിരുന്നുവെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ചിലർ പറയുന്നത്, കടുവ കർഷകരെ ഇതിന് മുൻപും കണ്ടിട്ടുണ്ട്. അതുകൊണ്ടായിരിക്കും ഉപദ്രവിക്കാതെ വിട്ടതെന്നും പറയുന്നു.