നാട്ടിലും മോശം ഫോം തുടര്‍ന്ന് രോഹിത് ശര്‍മ്മ, ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 249 റണ്‍സ് വിജയലക്ഷ്യം

Thursday 06 February 2025 6:33 PM IST

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയിക്കാന്‍ 249 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നാഗ്പൂരിലും മോശം ഫോം തുടരുകയാണ്. ഏഴ് പന്തുകള്‍ നേരിട്ട നായകന് വെറും രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. മറ്റൊരു ഓപ്പണറായ യശസ്വി ജയ്‌സ്‌വാളിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട് 43(26), ബെന്‍ ഡക്കറ്റ് 32(29) എന്നിവര്‍ 75 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിന് ശേഷമാണ് ഇംഗ്ലണ്ട് ബാറ്റിംഗില്‍ തകര്‍ന്നത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 52(67), ജേക്കബ് ബേഥല്‍ 51(64) എന്നിവരുടെ പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ജോ റൂട്ട് 19(31), ഹാരി ബ്രൂക് 0(3) ലിയാം ലിവിംഗ്‌സ്റ്റണ്‍ 5(10) എന്നിവര്‍ നിരാശപ്പെടുത്തി. ബ്രൈഡന്‍ കാഴ്‌സ് 10(18), ആദില്‍ റഷീദ് 8(16), ജോഫ്ര ആര്‍ച്ചര്‍ പുറത്താകാതെ 21*(18), സാഖിബ് മഹ്‌മൂദ് 2(4) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും അരങ്ങേറ്റ മത്സരം കളിക്കുന്ന ഹര്‍ഷിത് റാണയുമാണ് ഇംഗ്ലണ്ടിനെ കൂടുതല്‍ ബുദ്ധിമുട്ടിച്ചത്. മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് മുന്‍ നായകന്‍ വിരാട് കൊഹ്ലി ഈ മത്സരത്തില്‍ കളിക്കാതിരിക്കുന്നതും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഫോമിലേക്ക് മടങ്ങിയെത്താത്തതും ഇന്ത്യക്ക് വലിയ ആശങ്കയാണ് ചാമ്പ്യന്‍സ് ട്രോഫി അടുത്തിരിക്കുന്ന അവസരത്തില്‍ സമ്മാനിക്കുന്നത്.