സാധാരണക്കാര്‍ക്കും മെട്രോ വാടകയ്‌ക്കെടുക്കാം, കൊച്ചിയിലെത്തുന്നവര്‍ക്ക് പുതിയ പദ്ധതിയുമായി കെഎംആര്‍എല്‍

Thursday 06 February 2025 7:20 PM IST

കൊച്ചി: കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയുടെ മുഖമുദ്രയായി മാറിയ പദ്ധതിയാണ് കൊച്ചി മെട്രോ റെയില്‍. വാട്ടര്‍ മെട്രോ കൂടി യാഥാര്‍ത്ഥ്യമായതോടെ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളും കൊച്ചിയെ കണ്ട് പഠിക്കാനൊരുങ്ങുകയാണ്. ഇപ്പോഴിതാ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് സമ്മാനിക്കുന്ന നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് മെട്രോ റെയില്‍ അധികൃതര്‍. കൊച്ചി കായലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഫെറികള്‍ വാടകയ്ക്ക് നല്‍കുന്നതാണ് പദ്ധതി.

മണിക്കൂറിന് 15,000 രൂപ നിരക്കിലാണ് സ്വകാര്യ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും വാട്ടര്‍ മെട്രോ ബോട്ടുകള്‍ വാടകയ്ക്ക് നല്‍കുക. ഒരു മണിക്കൂറത്തേക്കാണ് ഈ നിരക്ക്. എയര്‍ കണ്ടീഷന്‍ സൗകര്യം ഉള്‍പ്പെടെയുള്ള ബോട്ടില്‍ കൊച്ചി കായലിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ ഗുണം. നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കം ഒന്നിച്ച് വിനോദ യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഫെറികള്‍ ബുക്ക് ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് എത്തുന്നുണ്ട്.

ആഭ്യന്തര ടൂറിസ്റ്റുകളും വിദേശികളും ഈ സൗകര്യം പ്രയോജനപ്പെടുത്താനായി മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് വാട്ടര്‍മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത്. മെട്രോ റെയില്‍ പോലെ തന്നെ കൊച്ചിക്കാര്‍ ഏറ്റെടുത്ത പദ്ധതിയാണ് വാട്ടര്‍മെട്രോ. ദിവസേന ആയിരക്കണക്കിന് ആളുകള്‍ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. റോഡിലെ തിരക്കില്‍ നിന്നും വായുമലിനീകരണത്തില്‍ നിന്നും ഒഴിവായി ശാന്തമായ അന്തരീക്ഷത്തില്‍ ഓഫീസുകളിലേക്ക് ഉള്‍പ്പെടെ യാത്ര ചെയ്യുന്നത് മാനസിക ഉല്ലാസം സമ്മാനിക്കുന്നുവെന്നും യാത്രക്കാര്‍ പറയുന്നു.