ഭേദമില്ലാത്തതാണ് ഭാരത ദർശനം : സ്വാമി സച്ചിദാനന്ദ

Friday 07 February 2025 12:56 AM IST

ചെറുകോൽപ്പുഴ : പ്രപഞ്ചം മുഴുവനും ഈശ്വരസ്വരൂപങ്ങളായി മാറുന്നതും ജാതിഭേദവും വിഭാഗീയ ചിന്തകളും ഇല്ലാതെ എല്ലാവരും തുല്യരായി വാഴുന്നതാണ് ഭാരതീയ ദർശനമെന്ന് വർക്കല ശിവഗിരിമഠം മഠാധിപതി സ്വാമി സച്ചിദാനന്ദ. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ശ്രീനാരായണീയ ധർമ്മം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും ചാതുർവർണഭേദത്തെ പാടെ തള്ളിക്കളഞ്ഞു, അവയ്‌ക്കെതിരെ പോരാടുവാൻ ജനത്തെ പ്രേരിപ്പിച്ചു.

ശ്രീനാരായണഗുരു മഹാനായ ഒരു സാമൂഹിക പരിഷ്‌കർത്താവും സാധാരണക്കാരനായ ഒരു വിപ്ലവകാരിയുമാണ്. അദ്ദേഹം ആരാണെന്നറിയാൻ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചാൽ മതിയാകും. തപസിലൂടെയാണ് ഗുരു ജ്ഞാനം പ്രാപിച്ചത്. ശ്രീകൃഷ്ണ ഉപാസകനായ ശ്രീനാരായണൻ സർവ്വ സംഗപരിത്യാഗിയായി മരുത്വാമലയിൽ തപസ്സുചെയ്ത് ദേവീ ദേവ പരംപൊരുളുകൾക്കപ്പുറത്ത് ജ്ഞാനയോഗ പ്രാപ്തിയിലൂടെ സാധാരണ ജനങ്ങൾക്ക് ജ്ഞാന ഉദയത്തിനായി പ്രചോദനം നൽകി. ഉപാസകനും ദൈവവും ഒന്നാകണം എന്ന മഹാ സങ്കല്പമാണ് ശ്രീനാരായണ ഗുരുവിന്റെ ആത്മ ഉപദേശമെന്ന് അദ്ദേഹം പറഞ്ഞു. എൻ.കെ.നന്ദകുമാർ സ്വാഗതവും എം.എസ്.അനിൽകുമാർ നന്ദിയും പറഞ്ഞു.