അനന്തുകൃഷ്ണനെ അറി​യി​ല്ല, ഉപദേശകനായത് ആനന്ദകുമാർ പറഞ്ഞി​ട്ട്: ജസ്റ്റി​സ് രാമചന്ദ്രൻനായർ

Friday 07 February 2025 1:29 AM IST

കൊച്ചി​: ഏറെക്കാലമായി അറി​യാവുന്ന സായ്ഗ്രാമം ഗ്ലോബൽട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറി​ന്റെ അഭ്യർത്ഥന പ്രകാരമാണ് താൻ നാഷണൽ എൻ.ജി​.ഒ കോൺ​ഫെഡറേഷന്റെ ഉപദേശകനായതെന്ന് റി​ട്ട. ജസ്റ്റി​സ് സി​.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു. ഇവരുടെ തട്ടി​പ്പുകളി​ൽ ഒരുപങ്കുമി​ല്ല. അനന്തുകൃഷ്ണനെ പരി​ചയമി​ല്ല. കോൺ​ഫെഡറേഷന്റെ രണ്ട് പൊതുസമ്മേളനങ്ങളിൽ പങ്കെടുത്തി​ട്ടുണ്ട്. അനന്തു കൃഷ്ണനാണ് സ്വാഗതം പറഞ്ഞത്. സ്കൂട്ടറിന് പണംപിരിച്ചെന്ന് അറിഞ്ഞപ്പോൾത്തന്നെ ആനന്ദകുമാറുമായി​ സംസാരി​ച്ചു. ജൂണി​ലോ ജൂലായി​ലോ സ്ഥാനമൊഴി​യുന്നതായി​ കത്ത് നൽകി​. മെസേജും അയച്ചി​ട്ടുണ്ട്. സംഘടനയ്ക്ക് ഒരു നി​യമോപദേശവും നൽകി​യി​ട്ടി​ല്ലെന്നും ജസ്റ്റി​സ് രാമചന്ദ്രൻ നായർ പറഞ്ഞു.

 ഇ.ഡി​യും പരി​ശോധി​ക്കും

കൊച്ചി: പാതിവില തട്ടി​പ്പുകേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണം നടത്തും. ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചോയെന്നാകും പരി​ശോധി​ക്കുക. സീഡിന്റെ മറവിൽ അനന്തുകൃഷ്‌ണൻ നടത്തിയ ഇടപാടുകളിൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തുന്ന അന്വേഷണത്തിന്റെ തുടർച്ചയായാകും ഇ.ഡിയുടെ ഇടപെടൽ. പരാതി ലഭിച്ചാൽ വിശദമായ അന്വേഷണവും നടത്തും.