ഉപജീവനമാർഗം നിലച്ച രവിക്ക് പാൽനിലാവായി 5 പശുക്കൾ
തൃശൂർ: വിഷപ്പുല്ല് തിന്ന് അഞ്ച് കറവപ്പശുക്കളും ഒരു കിടാരിയും ചത്തപ്പോൾ വാവിട്ട് കരയുകയായിരുന്നു രവിയും ഭാര്യ സുമിത്രയും. ഇനിയെങ്ങനെ ജീവിക്കും? ആശങ്ക സങ്കടം ഇരട്ടിയാക്കി. വെളപ്പായ കുഴിപ്പറമ്പിലെ ഈ ക്ഷീരകർഷക കുടുംബത്തിന് ഇപ്പോൾ ആശ്വാസമുണ്ട്. അഞ്ചു കറവപ്പശുക്കൾ വീണ്ടും തൊഴുത്തിലെത്തി.
ക്ഷീരകർഷക സംഘങ്ങളുടെ കൂട്ടായ്മ, ആട്ടോർ ക്ഷീരസംഘം, കെ.എസ് കാലിത്തീറ്റ കമ്പനി, മുല്ലശ്ശേരി ക്ഷീരസംഘം, വിരമിച്ച വെറ്ററിനറി ഡോക്ടർമാരുടെ സംഘടന എന്നിവയാണ് ഓരോ പശുവിനെ നൽകിയത്. 30-35 ലിറ്റർ പാൽ സൊസൈറ്റിയിൽ നൽകിയിരുന്ന രവിക്ക് ഇപ്പോൾ 28 ലിറ്ററോളം നൽകാനാകുന്നു. കഴിഞ്ഞ മാസം 20നായിരുന്നു വേനൽപ്പച്ച (ബ്ലൂമിയ) എന്ന വിഷപ്പുല്ല് തിന്ന് പശുക്കൾ ചത്തത്.
'പശുക്കൾ ചത്തപ്പോൾ എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. സർക്കാർ സഹായവും നഷ്ടപരിഹാരവും കിട്ടാൻ വൈകുമല്ലോ... പെട്ടെന്ന് വഴിമുട്ടിപ്പോയി. പക്ഷേ, കനിവുള്ള മനുഷ്യർ ചുറ്റുമുണ്ടെന്ന് മനസ്സിലായി, അവർ ഞങ്ങളെ കാത്തു"-സുമിത്ര പറഞ്ഞു.
'പത്തുനാല്പത് കൊല്ലമായി പശുവിനെ വളർത്തുന്നുണ്ട്. ഈ പുല്ലൊക്കെ തിന്നാറുമുണ്ട്. പക്ഷേ, മഞ്ഞുകാലത്ത് പൂവിടുമ്പോൾ അത് വിഷമാകും. എന്റെ കിടാരി മാളു കൈകാലിട്ടടിച്ച് വീഴുന്നത് ഇപ്പോഴും മനസിലുണ്ട്." ഇതു പറയുമ്പോൾ കണ്ണീരണിഞ്ഞ 65 കാരി സുമിത്രയെ 70കാരനായ ഭർത്താവ് രവി ആശ്വസിപ്പിച്ചു. എൺപതിനായിരത്തോളം രൂപ ധനസഹായമായും ഇതിനിടെ ലഭിച്ചു.
കേരള ഫീഡ്‌സിന്റെ 'ഡൊണേറ്റ് എ കൗ' പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കറവപ്പശുക്കളെ കൂടി കെ.സി. രവിക്ക് മന്ത്രി ജെ. ചിഞ്ചുറാണി ഇന്നലെ കൈമാറി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രവിയെ സഹായിച്ച അവണൂരിലെ വെറ്ററിനറി ഡോക്ടർ രാജി, ഡോ. ശില്പ, പുഴയ്ക്കൽ പഞ്ചായത്ത് രാത്രികാല വെറ്ററിനറി ഡോക്ടർ നിതിൻ എന്നിവരെ ആദരിച്ചു. അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി കാലിത്തീറ്റ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ലിനി ധാതു ലവണം വിതരണം ചെയ്തു. കേരള ഫീഡ്‌സ് ലിമിറ്റഡ് ചെയർമാൻ കെ.ശ്രീകുമാർ, ഡെപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ പി.പി.ഫ്രാൻസിസ്, തോംസൺ തലക്കോടൻ, പി.വി.ബിജു, ശ്രീലക്ഷ്മി സനീഷ്, ഡോ.അജിത്ത് ബാബു, എൻ.വീണ, ഡോ.ശ്യാം മോഹൻ തുടങ്ങിയവരും പങ്കെടുത്തു.
ബ്ലൂമിയ വിഷച്ചെടി
കടുംപച്ചനിറത്തിൽ മിനുസമുള്ള ഇലകളും മാംസളമായ തണ്ടുകളും വെളുപ്പ്, മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങളുമായി കാണപ്പെടുന്ന സസ്യമാണ് ബ്ലൂമിയ അഥവാ വേനൽപ്പച്ച. ഡിസംബർ മുതൽ ജൂൺ വരെയാണ് ഇവ പൂവിടുക. അയവിറക്കുന്ന മൃഗങ്ങൾ ഇത് തിന്നാൽ ഉദരസ്തംഭനം, താപനില താഴൽ, നിർജലീകരണം, നുരയും പതയും ഒലിക്കൽ, വിറയൽ തുടങ്ങിയ അവസ്ഥകളിലൂടെ മരണത്തിലേക്കെത്തും. ആനത്തൊട്ടാവാടി, ചോല,എരിക്ക്,കൊങ്ങിണി,കാഞ്ഞിരം, മരച്ചീനി ഇല എന്നിവയും അപകടമാണ്.