കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിംഗ്; എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത 11 രണ്ടാം വർഷ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് സസ്‌പെൻഷൻ. ഒരാഴ്ച മുമ്പാണ് സംഭവം. വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നില്ല. രക്ഷിതാക്കളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചർച്ചയായതോടെയാണ് വിഷയം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ പ്രിൻസിപ്പലിന് പരാതി നൽകിയതിനെത്തുടർന്ന് അനാട്ടമി വിഭാഗം മേധാവിയെ ചെയർമാനാക്കി അഞ്ചംഗ അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 11 വിദ്യാർത്ഥികൾക്കെതിരെ സസ്‌പെൻഷൻ നടപടികൾ സ്വീകരിച്ചത്. റിപ്പോർട്ട് തുടർനടപടികൾക്കായി മെഡിക്കൽ കോളേജ് പൊലീസിന് കൈമാറിയിട്ടുണ്ട്. നിലവിൽ കേസെടുത്തിട്ടില്ല. റിപ്പോർട്ട് പരിശോധിച്ച ശേഷം സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മെഡിക്കൽ കോളേജ് എ.സി.പി ഉമേഷ് പറഞ്ഞു. കോളേജിൽ ആന്റി റാഗിംഗ് സ്‌ക്വാഡ് യോഗം ചേർന്നു. റാഗിംഗ് ഉൾപ്പെടെയുള്ള നടപടികൾ തടയുന്നതിനായി കോളേജിൽ നാല് സുരക്ഷാ ജീവനക്കാരെ പ്രത്യേകം നിയമിച്ചിരുന്നു. റാഗിംഗുമായി ബന്ധപ്പെട്ട പരാതിയിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ജി. സജിത് കുമാർ പറഞ്ഞു.