പാമ്പ് കടിയേറ്റുള്ള മരണങ്ങൾ ഒഴിവാക്കാൻ 25 കോടി; വന്യജീവി ആക്രമണത്തിന് ഇരയായവരുടെ നഷ്‌ടപരിഹാരം വർദ്ധിപ്പിച്ചു

Friday 07 February 2025 11:43 AM IST

തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള മരണങ്ങൾ ഒഴിവാക്കാനായി 25 കോടി അനുവദിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ബഡ്‌ജറ്റ് പ്രഖ്യാപനത്തിനിടെയാണ് പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്കായി പണം അനുവദിച്ചത്.

വന്യജീവി ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിനും നഷ്‌ടപരിഹാരത്തിനുമായി 50 കോടി രൂപ അധികമായി അനുവദിച്ചു. വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടിയും അനുവദിച്ചു. വന്യജീവി ആക്രമണവും പ്രതിരോധവും ഉൾപ്പടെ വനം - വന്യജീവി മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായുള്ള പദ്ധതി വിഹിതത്തിനും വനം മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് പ്ലാനിൽ അനുവദിച്ചിട്ടുള്ള തുകയ്ക്കും പുറമെയാണ് 50 കോടി വകയിരുത്തിയത്.

ഈ സർക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണത്തിന് ഇരയായവർക്കുള്ള നഷ്‌ടപരിഹാരം വർദ്ധിപ്പിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും മറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള വിഹിതം വർദ്ധിപ്പിക്കും. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാൻ നിയമനിർമാണം ഉൾപ്പെടെ നടത്തേണ്ടതുണ്ട്. ഇതിനാവശ്യമായ ഇടപെടലുകൾക്കായി സംസ്ഥാനം മുൻകൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടൂർ ആന സംരക്ഷണ കേന്ദ്രത്തിന് രണ്ട് കോടി രൂപ അനുവദിച്ചു. തെരുവുനായ അക്രമം തടയാൻ എബിസി കേന്ദ്രങ്ങൾക്ക് രണ്ട് കോടി രൂപ അനുവദിച്ചു.