സ്വന്തമായി ഭൂമിയുള്ളവർക്ക് ബഡ്‌ജറ്റ് സമ്മാനം, ചില നിബന്ധനകൾ പാലിക്കാൻ തയ്യാറാണെങ്കിൽ 10 കോടി ലോൺ കിട്ടും തുച്ഛമായ പലിശയിൽ

Friday 07 February 2025 1:01 PM IST

തിരുവനന്തപുരം: ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബഡ്‌ജറ്റിലെ ആകർഷകമായ ഒരു പ്രഖ്യാപനം ഈയോ അഥവാ 'എക്‌പാൻഡ് യുവർ ഓഫീസ്' ആണ്. സംരംഭകന് 10 കോടി രൂപ വരെയാണ് സർക്കാർ വായ്‌പ നൽകുക. അഞ്ച് ശതമാനം മാത്രമാണ് പലിശ. നിബന്ധനകൾ കൃത്യമായി പാലിച്ചു കഴിഞ്ഞാൽ പലിശയിൽ ഒരു ശതമാനം ഇളവും അധികമായി ലഭിക്കും. ഇനി പദ്ധതി എന്താണെന്ന് അറിയാം.

സ്വന്തമായി ഭൂമി കൈവശമുള്ളതും നൂറിൽ കൂടുതൽ പേർക്ക് തൊഴിലവസരം നൽകാൻ കഴിയുന്നതും ചുരുങ്ങിയത് മൂന്ന് വർഷമായി വിജയകരമായി പ്രവർത്തിച്ച് വരുന്നതുമായ ഒരു സ്‌റ്റാർട്ട് അപ്പ് അല്ലെങ്കിൽ എംഎസ്എംഇ സ്ഥാപകന് സ്വന്തം ഭൂമിയിൽ കോ വർക്കിംഗ് സ്പേസുകൾ സ്ഥാപിക്കനാണ് വായ്‌പ അനുവദിക്കുന്നത്.

ഇങ്ങനെ സ്ഥാപിക്കുന്ന കോ വർക്കിംഗ് സ്പേസുകളുടെ 90 ശതമാനവും രണ്ട് വർഷങ്ങൾക്കുള്ളിൽ ഉപയോഗിച്ച് തുടങ്ങുകയും ആനുപാതികമായ തൊഴിലുകൾ സൃഷ്‌ടിക്കുകയും ചെയ‌്താൽ പലിശയുടെ ഒരു ശതമാനം ഇളവ് ചെയ‌്തുകൊടുക്കും. ഈ പദ്ധതിയുടെ പലിശയിളവിനായി 10 കോടി രൂപ കെഎഫ്സിക്ക് വകയിരുത്തിയിട്ടുണ്ട്.