അസി.  പ്രൊഫസർ കരാർ നിയമനം, സിൻഡിക്കേറ്റ്  തീരുമാനം  ഹൈക്കോടതി  റദ്ദാക്കി

Saturday 08 February 2025 12:05 AM IST

കൊച്ചി: കേരള സർവകലാശാലയിൽ 16 അസിസ്റ്റന്റ് പ്രൊഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ യു.ജി.സി ചട്ടങ്ങൾ മറികടന്ന് സെലക്‌ഷൻ കമ്മിറ്റി രൂപീകരിക്കാനുള്ള സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി തീരുമാനം ഹൈക്കോടതി റദ്ദാക്കി. വൈസ് ചാൻസലറോ വൈസ് ചാൻസലറുടെ നോമിനിയോ ആയിരിക്കണം സെലക്‌ഷൻ കമ്മിറ്റി മേധാവി എന്ന യു.ജി.സി ചട്ടത്തിന് വിരുദ്ധമായി കമ്മിറ്റി രൂപീകരിച്ചത് തെറ്റാണെന്ന് ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. മറ്റ് അംഗങ്ങളുടെ കാര്യത്തിലും മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല.

സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിഅംഗത്തെ കൺവീനറാക്കിയതടക്കം ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാറാണ് ഹർജി നൽകിയത്. സിൻഡിക്കേറ്റ് അംഗമായ ഹർജിക്കാരന് ഇക്കാര്യം സിൻഡിക്കേറ്റിൽ ഉന്നയിക്കാമായിരുന്നെന്നും ഭൂരിപക്ഷാഭിപ്രായത്തിലാണ് തീരുമാനമെടുത്തതെന്നും എതിർകക്ഷികൾ ബോധിപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ചട്ടപ്രകാരം നിയമനം നടത്താനുള്ള നടപടികൾ സർവകലാശാലയ്ക്ക് സ്വീകരിക്കാമെന്നും വ്യക്തമാക്കി.