പൊലീസിന് 104 കോടി

Saturday 08 February 2025 12:56 AM IST

തിരുവനന്തപുരം: പൊലീസ് ആധുനികവത്കരണത്തിന് 104 കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. സ്റ്റേഷനുകളുടെ നിർമ്മാണം, സബ് ഡിവിഷൻ ഓഫീസ് നിർമ്മാണം, ജില്ലാ പൊലീസ് ഓഫീസുകൾ, ഫോറൻസിക് ലാബുകൾ, ക്രൈംബ്രാഞ്ച് ഓഫീസുകൾ, എ.പി ബറ്റാലിയനുകൾ, സൈബർ ഡോം, പൊലീസ് അക്കാഡമി, ട്രെയിനിംഗ് കോളേജ് എന്നിവയ്ക്കായി 48.89കോടിയുണ്ട്.

പൊലീസ് സ്റ്റേഷനുകളിൽ ലിംഗപരമായ അസമത്വം ഇല്ലാതാക്കാനും പെൺകുട്ടികൾക്കും സ്ത്രീകൾക്കും നിയമ അവബോധം നൽകാനും വനിതാ സെൽ നടപ്പാക്കുന്ന പദ്ധതിക്ക് 5.10കോടിയുണ്ട്. തീവ്രവാദ പ്രവർത്തനമുള്ള മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ, പരിശീലന കേന്ദ്രങ്ങൾ, ആധുനിക ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്ക് 12കോടിയുണ്ട്.

ജയിൽ വകുപ്പിന് 11.5കോടിയുണ്ട്. ജയിലുകളുടെയും കറക്ഷൻ ഹോമുകളുടെയും നിർമ്മാണത്തിനും നവീകരണത്തിനും 20കോടി പുറമെ. പാലാ, മീനച്ചൽ സബ് ജയിലിനുള്ള നിർമ്മാണ ചെലവും ഇതിൽപെടും. ജയിലുകളിലെ സ്ഥലസൗകര്യം കൂട്ടും. തൊഴിലധിഷ്‌ഠിത പരിശീലനത്തിലൂടെ തടവുകാരുടെ പുനരധിവാസത്തിന് 15 കോടിയുമുണ്ട്.

വിജിലൻസിന് സാങ്കേതികശേഷിയും അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും നൽകാൻ 5കോടിയുണ്ട്. വിജിലൻസ് കോംപ്ലക്സുകൾ, ഓഫീസുകൾ എന്നിവയുടെ നിർമ്മാണത്തിന് 6.96 കോടിയും നീക്കിവച്ചിട്ടുണ്ട്.