ഭാവികേരളത്തിന് ആറ് പദ്ധതികൾ

Saturday 08 February 2025 12:07 AM IST

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ധനമന്ത്രി ഇക്കുറി ബഡ്ജറ്റിൽ കൊണ്ടുവന്നത് ആറ് പദ്ധതികൾ. ഇതിനായി 1895 കോടിരൂപയും നീക്കവച്ചു.

വിഴിഞ്ഞം - കൊല്ലം-പുനലൂർ വികസന ത്രികോണം, വെസ്റ്റ് കോസ്റ്റ് കനാൽ സാമ്പത്തിക വികസനം, തിരുവനന്തപുരം ഔട്ടർ ഏരിയ വളർച്ചാ ഇടനാഴി, ഗ്ളോബൽ കാപ്പബിലിറ്റി സെന്ററുകൾ, ഐ.ടി പാർക്ക്,​ ഐ.ടി ഇടനാഴി എന്നിവയാണ് നടപ്പാക്കുന്നത്.

കഴിഞ്ഞ വർഷം പ്ളാൻ ബി കൊണ്ടുവന്നെങ്കിലും വിജയിച്ചിരുന്നില്ല. ഒടുവിൽ ആസൂത്രണ,​ ക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ചാണ് പിടിച്ചുനിന്നത്. അല്ലെങ്കിൽ ശമ്പളവിതരണമടക്കം മുടങ്ങുന്ന സ്ഥിതിയുണ്ടാകുമായിരുന്നു. ചെലവ് ചുരുക്കലിന് പകരം ചെലവിനുള്ള പണം കണ്ടെത്തി മുന്നോട്ട് പോകുന്നതാണ് പുതിയ നയം.

ലോകത്തെ പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ് തുറമുഖങ്ങളായ സിങ്കപ്പൂർ, റോട്ടർഡാം,ദുബായ് എന്നിവയുടെ മാതൃകയിൽ വിഴിഞ്ഞത്തേയും ഒരുവികസനകേന്ദ്രമാക്കി മാറ്റുന്നതാണ് വിഴിഞ്ഞം കൊല്ലം വികസന ത്രികോണം. പൊതുസ്വകാര്യ എസ്.പി.വി മാതൃകയിൽ നടത്തുന്ന പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതിന്റെ പ്രതിസന്ധിയില്ലെന്നത് സവിശേഷതയാണ്. സ്ഥലമുടമകളെ പങ്കാളിയാക്കികൊണ്ടുള്ള വികസന മാതൃകയാണിത്. ഇതിന് 1000കോടിയാണ് കിഫ്ബിയിൽ നിന്ന് അനുവദിക്കുക.

1800 കിലോമീറ്റർ വരുന്ന വെസ്റ്റ് കോസ്റ്റ് കനാലിൽചരക്ക് നീക്കത്തിന് ഹബ്ബുകളും വികസന കേന്ദ്രങ്ങളും നിർമ്മിക്കുന്നതാണ് മറ്റൊരുപദ്ധതി. ഇതിനായി 500കോടിയാണ് വകയിരുത്തിയത്.

തീരദേശ ഹൈവേയോട് ചേർന്നുള്ള ഓരോ 25കിലോമീറ്ററിലും ഭൂമി ഏറ്റെടുത്ത് സ്വകാര്യനിക്ഷേപത്തോടെ ബീച്ച് പ്രോമെനേഡുകൾ, സൈക്ളിംഗ് ട്രാക്കുകൾ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ അമിനിറ്റീസ്, നടപ്പാതകൾ, ഇ.വി.ചാർജ്ജിംഗ് സ്റ്റേഷനുകൾ, ഹൈഡ്രജൻ റീഫ്യൂവലിംഗ് സ്റ്റേഷനുകൾ എന്നിവ തുടങ്ങുന്നതാണ് പദ്ധതി.

വിഴിഞ്ഞം തുറമുഖത്തെ നാവായികുളവുമായി ബന്ധിപ്പിക്കുന്ന ഔട്ടർ റിംഗ് റോഡിന്റെ (63കിലോമീറ്റർ)​ ഇരുവശങ്ങളിലും 2.5കിലോമീറ്റർ പരിധിയിൽ ഔട്ടർ റിംഗ് റോഡ് ഏരിയ ഗ്രോത്ത് കോറിഡോർ പദ്ധതിയാണ് വേറൊരു വികസനനിർദ്ദേശം. ആഗോളതലത്തിൽ ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്ക് പുതിയ രീതിയിൽ പ്രവർത്തന മികവ് നൽകുന്ന കേന്ദ്രങ്ങളാണ് ഗ്ളോബൽ കാപ്പബിലിറ്റി സെന്ററുകൾ. രാജ്യത്ത് 16ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന സംരംഭമാണിത്. ജി.സി.സി. പാർക്കുകൾ കേരളത്തിൽ തുടങ്ങാൻ അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ കണ്ണൂരിലും കൊല്ലത്തും ഐ.ടി.പാർക്കുകൾ തുടങ്ങാൻ 395 കോടിയും നീക്കിവച്ചിട്ടുണ്ട്. ഇതിനൊപ്പം കിഫ്ബിയിൽ നിന്നുള്ള പദ്ധതികളും ലാഭദായകമായി മാറ്റാൻ തീരുമാനമെടുത്തതായും ധനമന്ത്രി ബഡ്ജറ്റിൽ സൂചിപ്പിച്ചു.