ചാക്കോയും അകത്ത് പോകേണ്ടതായിരുന്നു,​ വിധിയിൽ തൃപ്‌തിയെന്നും കെവിന്റെ പിതാവ്

Tuesday 27 August 2019 12:04 PM IST
കെവിൻ വടക്കേസിന്റെ വിചാരണക്കെത്തിയ കെവിന്റെ പിതാവ് ജോസഫ്

കോട്ടയം: കെവിൻ വധക്കേസിൽ പത്ത് പ്രതികൾക്കും ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചതിൽ തൃപ്‌തിയുണ്ടെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. അർ‌ഹിക്കുന്ന ശിക്ഷ തന്നെയാണ് പ്രതികൾക്ക് ലഭിച്ചിരിക്കുന്നത്. പ്രതികൾക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോയും അകത്തുപോകേണ്ടതായിരുന്നു. ചാക്കോയാണ് ഈ കേസിന് പിന്നിലെ പ്രധാന പ്രതി. ചാക്കോയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജോസഫ് പറഞ്ഞു. കേസ് ആത്മാർത്ഥമായി അന്വേഷിച്ച പൊലീസുകാർക്കും പ്രതികൾക്ക് അർഹമായ ശിക്ഷ നൽകിയ കോടതിക്കും നന്ദി പറയുന്നതായും ജോസഫ് വ്യക്തമാക്കി. ഊണും ഉറക്കവുമില്ലാതെയാണ് പൊലീസുകാർ കേസ് അന്വേഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെവിനോട് ചെയ്‌ത ക്രൂരതയ്‌ക്ക് പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചെന്ന് കേസിലെ മുഖ്യസാക്ഷിയും കെവിന്റെ സുഹൃത്തുമായ അനീഷും പ്രതികരിച്ചിട്ടുണ്ട്.

അതേസമയം,​ കോടതി വിധിയിൽ തൃപ്‌തിയുണ്ടെന്ന് അന്വേഷണത്തിന് മേൽനോട്ടം നൽകിയ മുൻ കോട്ടയം എസ്.പി ഹരിശങ്കറും വ്യക്തമാക്കി. ദൃക്‌സാക്ഷികളില്ലാത്ത ഒരു കേസ് സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും വച്ച് തെളിയിക്കുന്നത് അന്വേഷണ സംഘത്തിന് മുന്നിൽ വെല്ലുവിളിയായിരുന്നു. കെവിന്റെ പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനെ ബലം പ്രയോഗിച്ച് മുക്കിക്കൊന്നതാണെന്ന് തെളിയിക്കാൻ വിവിധ കടമ്പകൾ കടക്കേണ്ടി വന്നു. കേസിൽ നിരവധി പ്രതികൾ ഉള്ളതിനാൽ ഗൂഢാലോചന തെളിയിക്കുന്നതും വെല്ലുവിളിയായിരുന്നു. മുഖ്യസാക്ഷിയായ അനീഷിന് തിരിച്ചറിയാൻ കഴിയാതെ പോയത് കൊണ്ടാണ് ചാക്കോയെ കോടതി വെറുതെ വിട്ടത്. വിധിയിൽ പൂർണ സംതൃപ്‌തിയുണ്ട്. ബാക്കി കാര്യങ്ങൾ കോടതിയുടെ വിധി പ്രസ്‌താവം വന്നതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.