വിഴിഞ്ഞം വളരും സിംഗപ്പൂർ പോലെ
തിരുവനന്തപുരം: വിഴിഞ്ഞത്തെ ലോകോത്തര കയറ്റുമതി, ഇറക്കുമതി തുറമുഖമാക്കി മാറ്റുന്നതിന്റെ ഭാഗമായി വിഴിഞ്ഞം- കൊല്ലം- പുനലൂർ വികസന ത്രികോണ പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. സിംഗപ്പൂർ, റോട്ടർഡാം, ദുബായ് തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞത്തെ വളർത്തും.
വികസന ത്രികോണ മേഖലയിൽ വ്യവസായ പാർക്കുകൾ, ഉത്പാദനകേന്ദ്രങ്ങൾ, സംഭരണ സൗകര്യം, സംസ്കരണ, അസംബ്ലിംഗ് യൂണിറ്റുകൾ, കയറ്റിറക്ക് കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കും. ഇടനാഴിക്ക് സമീപമുള്ള പ്രദേശങ്ങളെ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കും. ഭൂവികസനവും നിക്ഷേപങ്ങളും ശക്തിപ്പെടുത്താൻ കമ്പനി രൂപീകരിക്കും.
നേരിട്ടുള്ള ഭൂമിവാങ്ങലിന് കിഫ്ബി 1000 കോടി മുടക്കും. വ്യവസായങ്ങൾക്ക് ഭൂമി വാങ്ങാനും പാട്ടത്തിനും ക്ലിക്ക് എന്ന പോർട്ടൽ തുടങ്ങും. ദേശീയപാത-66, ഗ്രീൻഫീൽഡ് ഹൈവേ, കൊല്ലം-ചെങ്കോട്ട ദേശീയപാത, എം.സി റോഡ്, മലയോര-തീരദേശ ഹൈവേകൾ, തിരുവനന്തപുരം-കൊല്ലം റെയിൽപാത, കൊല്ലം-ചെങ്കോട്ട റെയിൽപാത എന്നിവ വിഴിഞ്ഞത്തെ ശക്തിപ്പെടുത്തും.
വിഴിഞ്ഞത്ത് വമ്പൻ വാണിജ്യ വികസന സാദ്ധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്കും ഔദ്യോഗിക ബിസിനസ് വികസന കേന്ദ്രങ്ങൾക്കായി സ്ഥലം അനുവദിക്കും. ഇതിന് നൂറ് ഏക്കർ ഭൂമിയേറ്റെടുക്കും. വിഴിഞ്ഞത്തു നിന്നുള്ള കണ്ടെയ്നർ നീക്കം സുഗമമാക്കാൻ ദേശീയ, സംസ്ഥാന പാതകൾ വികസിപ്പിക്കും. തുറമുഖം സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി പുതിയ സാമ്പത്തിക മേഖല സൃഷ്ടിക്കും. മാരിടൈം, ലോജിസ്റ്റിക് സൗകര്യങ്ങൾക്കുള്ള പദ്ധതിയിൽ ആഗോള വ്യവസായ പ്രമുഖരിൽ നിന്ന് ആവേശകരമായ പ്രതികരണമാണുള്ളതെന്നും ബഡ്ജറ്റിലുണ്ട്. വിഴിഞ്ഞം വികസന മേഖലയിൽ കൺവെൻഷൻ-കം എക്സിബിഷൻ സെന്ററിന് 20കോടി അനുവദിച്ചു.
സ്വാശ്രയ ടൗൺഷിപ്പുകൾ
വിഴിഞ്ഞം-നാവായിക്കുളം 63കി.മി ഔട്ടർറിംഗ് റോഡിന്റെ ഇരുവശത്തും രണ്ടര കിലോമീറ്റർ മേഖലയിൽ ഔട്ടർ റിംഗ് ഏരിയ ഗ്രോത്ത് കോറിഡോർ നടപ്പാക്കും. സ്വാശ്രയ ടൗൺഷിപ്പായി ഇതു മാറും
വിഴിഞ്ഞം, കോവളം, കാട്ടാക്കട, നെടുമങ്ങാട്, വെമ്പായം, കിളിമാനൂർ, കല്ലമ്പലം എന്നിവിടങ്ങളിൽ സാമ്പത്തിക നോഡുകൾ വരും. വികസനത്തിന് ലാൻഡ് പൂളിംഗിലൂടെ ഭൂമിയേറ്റെടുക്കും
വിഴിഞ്ഞം- കാസർകോട് തീരദേശ ഹൈവേ കടന്നുപോവുന്ന 8 ജില്ലകളിൽ 181 ഏക്കർ ഏറ്റെടുക്കും. സൈക്ലിംഗ് ട്രാക്ക്, വാഹന ചാർജിംഗ് കേന്ദ്രങ്ങൾ, ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷനുകൾ വരും
₹9500 കോടി
തുറമുഖനിർമ്മാണം പൂർത്തിയാക്കാൻ അദാനി നിക്ഷേപിക്കുന്നത്