ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസ്, ശാസ്ത്രീയ തെളിവ് നിരത്തി പൊലീസ് തെളിയിച്ചത് ഇങ്ങനെ: നീനുവിന്റെ മൊഴിയും നിർണായകമായി
കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലക്കേസിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചരിത്രവിധി. കെവിൻ വധക്കേസിലെ എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം.
കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ സാനു ചാക്കോ,രണ്ടാം പ്രതി നിയാസ് മോൻ, മൂന്നാം പ്രതി ഇഷാൻ ഇസ്മയിൽ നാലാം പ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാം പ്രതി മനു മുരളീധരൻ, ഏഴാം പ്രതി ഷിഫിൻസജാദ്, എട്ടാം പ്രതി എൻ. നിഷാദ്, ഒമ്പതാം പ്രതി ടിറ്റുജെറോം, പതിനൊന്നാം പ്രതി ഫസിൽ ഷെരീഫ്, പന്ത്രണ്ടാം പ്രതി ഷാനു ഷാജഹാൻ എന്നിവരെയാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശിക്ഷിച്ചത്.
40,000 രൂപ വീതം പിഴയും ശിക്ഷിച്ചിട്ടുണ്ട്. ഇരട്ട ജീവപര്യന്തമാണ് ശിക്ഷയെങ്കിലും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വിധിച്ചു. കൊലപാതകം, ദ്രവ്യം മോഹിച്ചല്ലാതെ തട്ടിക്കൊണ്ടുപോയി വിലപേശൽ, കൊല്ലുമെന്ന ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. സാനുചാക്കോ, നിയാസ് മോൻ, റിയാസ് ഇബ്രാഹിംകുട്ടി എന്നിവർക്കെതിരെ പ്രത്യേക ഗൂഢാലോചനാക്കുറ്റവും ചുമത്തിയിരുന്നു.
പതിനാല് പ്രതികളുണ്ടായിരുന്ന കേസിൽ അഞ്ചാംപ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ ജോൺ, പത്താംപ്രതി അപ്പുണ്ണി, പതിമൂന്നാം പ്രതി ഷിനുഷാജഹാൻ, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നിവരെ കുറ്രക്കാരല്ലെന്ന് കണ്ട് കഴിഞ്ഞദിവസം കോടതി വെറുതെ വിട്ടിരുന്നു. പ്രതികളെയെല്ലാം ശക്തമായ പൊലീസ് കാവലിലാണ് കോടതിയിൽ ഹാജരാക്കിയത്. വിധി അറിയാൻ വൻ ജനാവലി കോടതി പരിസരത്ത് തടിച്ചുകൂടി. നീനു അന്യമതസ്ഥനായ കെവിനെ വിവാഹം കഴിച്ചതിലുള്ള രോഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സഹോദരൻ ഷാനു ചാക്കോയും സംഘവും മാന്നാനത്തുള്ള വീട്ടിൽ നിന്നും കെവിനെ തട്ടിക്കൊണ്ടുപോയി തെന്മല ചാലിയക്കര പുഴയിൽ അകപ്പെടുത്തി മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. അപൂർവങ്ങളിൽ അപൂർവമാണ് ഈ കേസെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.എസ്.അജയനാണ് കോടതിയിൽ ഹാജരായത്.
വിചാരണ അതിവേഗത്തിൽ പൂർത്തിയാക്കിയ കേസായിരുന്നു ഇത്. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ തടർച്ചയായി കോടതി പ്രവർത്തിച്ചാണ് വിസ്താരം പൂർത്തിയാക്കിയത്. ആറ് സാക്ഷികൾ വിസ്താരവേളയിൽ കൂറു മാറിയിരുന്നു. കെവിനോടൊപ്പം സുഹൃത്തായ അനീഷിനെയും സംഘം തട്ടിക്കൊണ്ടു പോയിരുന്നു. എന്നാൽ കൊലപാതകം നടന്ന 2018 മേയ് 27ന് പുലർച്ചെ അനീഷിനെ കോട്ടയത്ത് തിരികെ എത്തിച്ചിരുന്നു. തുടർന്ന് അനീഷ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കിയെങ്കിലും മുഖ്യമന്ത്രി കോട്ടയം മെഡിക്കൽ കോളേജിൽ ഒരു ചടങ്ങിനെത്തിയതിനാൽ കേസ് എടുക്കാൻ പൊലീസ് വിസമ്മതിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി പോയിക്കഴിഞ്ഞാണ് കേസ് എടുത്തത്.
തുടർന്ന് രാത്രിയോടെയാണ് നീനുവിനെ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയത്. കോട്ടയം ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് കേസ് അന്വേഷണം ഏറ്റെടുത്തതോടെ അന്നു രാത്രിതന്നെ അനീഷിന്റെ മൊഴിപ്രകാരം എസ്.ഐ ഷിബു തെന്മലയിലേക്ക് പുറപ്പെട്ട് തെളിവുകൾ ശേഖരിച്ചു. തുടർന്ന് പുഴയിൽ പിറ്റെദിവസം മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ ഗാന്ധിനഗർ എസ്.ഐ എം.എസ്.ഷിബു, എ.എസ്.ഐ ടി.എം ബിജു എന്നിവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ജി.ഡി.ചാർജ് എ.എസ്.ഐ സണ്ണിമോൻ, ഡ്രൈവർ സി.പി.ഒ അജയകുമാർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് സർവീസിൽ തിരിച്ചെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീക്ക്, ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് എന്നിവരെ സ്ഥലം മാറ്റിയിരുന്നു. 2019 ഏപ്രിൽ 26നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
കെവിൻ വധം: നാൾവഴി
2018 മേയ് 25
നീനുവും കെവിനും സ്നേഹത്തിലാണെന്നറിഞ്ഞ് നീനുവിന്റെ പിതാവ് ചാക്കോജോൺ കോട്ടയത്ത് എത്തി. കെവിന്റെ പിതാവ് ജോസഫ് ജോലിചെയ്യുന്ന ചവിട്ടുവരിയിലെ വർക്ക് ഷോപ്പിൽ ചെന്നുകണ്ട് സംസാരിക്കുന്നു. മകളുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറൻ കെവിനെ ഉപദേശിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ വിവരം ജോസഫ് കെവിനെ അറിയിക്കുന്നു. ഇതോടെ കെവിനും നീനുവും വിവാഹതരാവാൻ തീരുമാനിച്ചു. ജോസഫ് മകന് അനുമതിയും നല്കി. നീനു പിതാവിനെ ഫോണിൽ വിളിച്ച് പറയുന്നു. ഇതോടെ നീനുവിന്റെ പിതാവ് ചാക്കോ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി മകളെ കെവിൻ തട്ടിക്കൊണ്ടു പോയതായി പരാതി നല്കി.
മേയ് 25
നീനുവിന്റെ ബന്ധുക്കൾ കെവിന്റെ വീട്ടിലെത്തി ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യം ഉന്നയിച്ചു.
മേയ് 27
കോട്ടയം മാന്നാനത്തുള്ള വീട്ടിൽ നിന്ന് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടു പോയി. രാവിലെ കെവിന്റെ പിതാവ് ജോസഫ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി തട്ടിക്കൊണ്ടു പോയ വിവരം അറിയിച്ചു. എന്നാൽ പൊലീസ് പ്രശ്നം ഗൗരവമായി എടുത്തില്ല. കെവിനോടൊപ്പം തട്ടിക്കൊണ്ടുപോയ സംഘം അനീഷിനെ സംക്രാന്തി കവലയ്ക്ക് സമീപം ഇറക്കിവിട്ടു. ഉച്ചയോടെ അനീഷ് ഗാന്ധിനഗർ സ്റ്റേഷനിലെത്തി പരാതി നല്കി. ജോസഫിനൊപ്പം നീനുവും ഉണ്ടായിരുന്നു. മുഖ്യമന്ത്രി മെഡിക്കൽ കോളേജിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ടെന്നും അതിന് ശേഷം അന്വേഷിക്കാമെന്നും പറഞ്ഞ് ഇവരെ മടക്കി. എന്നാൽ അവർ സ്റ്റേഷൻ പരിസരത്തുതന്നെ നിലയുറപ്പിച്ചു. മുഖ്യമന്ത്രി പോയശേഷം വൈകുന്നേരം പരാതി സ്വീകരിച്ച പൊലീസ് നീനുവിനെ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കി. കെവിന്റെ വീട്ടുകാർക്കൊപ്പം പോകാൻ നീനു താത്പര്യം അറിയിച്ചു. കോടതി അനുമതി നല്കി. കോട്ടയം ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് എത്തി കേസ് അന്വേഷണം ആരംഭിച്ചു. ഗാന്ധിനഗർ എസ്.ഐ ഷിബു തെന്മലയിലേക്ക് പുറപ്പെട്ടു.
രാത്രി പത്തുമണിയോടെ കെവിനെ തട്ടിക്കൊണ്ടു പോയ കാർ തന്മലയിൽ കണ്ടെത്തി. പ്രതികളിലൊരാളായ ഇഷാനെ കസ്റ്റഡിയിലെടുത്തു. തെന്മലയ്ക്ക് സമീപം കാർ നിറുത്തിയപ്പോൾ കെവിൻ കാറിൽ നിന്ന് ഇറങ്ങിയോടിയെന്ന് ഇഷാൻ മൊഴിനല്കി. തുടർന്ന് തെന്മലയിൽ തിരച്ചിൽ നടത്തി.
മേയ് 28
രാവിലെ 8.30ന് കെവിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ കണ്ടെത്തി.
മേയ് 30
കെവിൻ കേസിൽ വീഴ്ച എന്നാരോപിച്ച് ഹർത്താൽ. കോട്ടയം നല്ലയിടയൻ പള്ളി സെമിത്തേരിയിൽ കെവിന്റെ മൃതദേഹം സംസ്കരിച്ചു. ഗാന്ധിനഗർ എസ്.ഐ ഷിബു, എ.എസ്.ഐ ടി.എം.ബിജു, ഡ്രൈവർ എം.എൻ.അജയകുമാർ എന്നിവരെ ജില്ലാ പൊലീസ് ചീഫ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ജൂൺ 1
നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു എന്നിവരെ കണ്ണൂരിൽ നിന്ന് പൊലീസ് പിടികൂടി. പിന്നീട് പലപ്പോഴായി 14 പ്രതികളും അകത്തായി.
ജൂൺ 2
എല്ലാ പ്രതികളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ഒക്ടോബർ 6
കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ കേസ് വിചാരണ തുടങ്ങി.
നവംബർ ഏഴ്
ദുരഭിമാനക്കൊലയിൽ ഉൾപ്പെടുത്തി, കേസ് ആറുമാസത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശം.
2019 ഏപ്രിൽ 26
വിചാരണ ആരംഭിച്ചു. പിതാവ് ചാക്കോ, സഹോദരൻ ഷാനു എന്നിവർ ഉൾപ്പെടെ 7 പ്രതികൾ ജാമ്യം കിട്ടാതെ റിമാൻഡിൽ കഴിഞ്ഞു. രണ്ടു പ്രതികൾ ആറു മാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയെങ്കിലും വിസ്താരസമയത്ത് സാക്ഷിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് ജാമ്യം റദ്ദായി. വീണ്ടും റിമാൻഡിൽ.
ആഗസ്റ്റ് 14
കെവിന്റേത് ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തിൽ നടന്ന വാദത്തിൽ വ്യക്തത വരുത്താൻ കോടതി വിധിപറയാൻ 22ലേക്ക് മാറ്റി.
ആഗസ്റ്റ് 22
ദുരഭിമാനക്കൊലയാണെന്ന് കൃത്യമായ നിരീക്ഷണത്തോടെ കോട്ടയം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പത്തു പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. നീനുവിന്റെ പിതാവ് ചാക്കോ സഹിതം നാലു പേരെ വെറുതെവിട്ടു.