കോട്ടപ്പുറത്തേയ്ക്ക് യാത്ര; അച്ഛൻ ഡ്രൈവറും മകൾ കണ്ടക്ടറുമായ ബസിൽ യാത്ര ചെയ്യാനെത്തിയത് സുരേഷ്ഗോപി

Saturday 08 February 2025 12:57 PM IST

തൃശൂർ: അച്ഛൻ ഡ്രൈവറായും മകൾ കണ്ടക്ടറായും ജോലി ചെയ്യുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ്ഗോപി. കൊടുങ്ങല്ലൂർ- കോട്ടപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന രാമപ്രിയ എന്ന ബസിലാണ് സുരേഷ്ഗോപി യാത്ര ചെയ്തത്. കോട്ടപ്പുറം പളളിയിലേക്കായിരുന്നു യാത്ര. ഫാദർ വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ പാവങ്ങൾക്കുള്ള 40 ഭവനങ്ങളുടെ താക്കോൽ ദാനത്തിനാണ് സുരേഷ്ഗോപി ബസിൽ യാത്ര ചെയ്ത് എത്തിയത്.

കുട്ടിക്കാലം തൊട്ട് വണ്ടികളെ ഇഷ്ടപ്പെട്ട അനന്തലക്ഷ്മി തൃശൂരിലെ ബസ് ജീവനക്കാർക്കിടയിലും സോഷ്യൽ മീഡിയയിലും സൂപ്പ‌ർതാരമാണ്. എം കോം പഠനത്തോടൊപ്പമാണ് ബസിലെ കണ്ടക്ടർ ജോലിയും ഈ പെൺകുട്ടി ചെയ്യുന്നത്. ചെറുപ്പം മുതൽ അനന്തലക്ഷ്മിക്ക് ബസുകളോട് വലിയ ഇഷ്ടമായിരുന്നു. തന്റെ ആഗ്രഹം പിതാവിനോട് പറഞ്ഞപ്പോൾ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നുവെന്ന് അനന്തലക്ഷ്മി കേരളകൗമുദി ഓൺലൈനിനോട് മുൻപ് പറഞ്ഞിട്ടുണ്ട്. ആദ്യം ബസിന്റെ ഡോറിൽ നിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയാണ് ചെയ്തതെന്നും ഒന്നര വർഷം മുൻപ് കണ്ടക്ടർ ലൈസൻസ് എടുത്തതോടെ കാക്കി ഷർട്ട് ധരിച്ച് കണ്ടക്ടർ ജോലിയിലേക്ക് മാറുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞിട്ടുണ്ട്.

പഠിക്കാൻ മിടുക്കിയായ അനന്തലക്ഷ്മി പഠനത്തിന് തടസം വരുത്താതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത്. ഡ്രൈവർ ലൈസൻസ് എടുത്ത് ബസ് ഓടിക്കണമെന്നതാണ് അനന്തലക്ഷ്മിയുടെ അടുത്ത ആഗ്രഹം. നഗരസഭ കൗൺസിലർ ധന്യ ഷൈനാണ് അനന്തലക്ഷ്മിയുടെ അമ്മ. വിദ്യാർത്ഥിനികളായ ലക്ഷ്മി പാർവതി, ദേവനന്ദ എന്നിവർ സഹോദരികളാണ്. സ്വന്തം കാലിൽ നിന്ന് കാര്യങ്ങളെല്ലാം അനന്തലക്ഷ്മി നോക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് ഷൈൻ പറഞ്ഞു. ഷൈനിന്റെ ഉടമസ്ഥതയിലുള്ള ബസാണ് രാമപ്രിയ.