യുപിയും ബിഹാറും മാറിയാൽ പ്രയാസപ്പെടാൻ പോകുന്നത് കേരളം; രവി പിള്ള
കേരളത്തിൽ ഒരു കാലത്ത് തന്റെ ബിസിനസ് പരാജയപ്പെടാൻ കാരണം ഇവിടുത്തെ ചില ആളുകളുടെ മനോഭാവമായിരുന്നെന്ന് വ്യവസായി രവി പിള്ള. എറണാകുളത്ത് വെല്ലൂർ റിഫൈനറിയിലെ വർക്ക് ചെയ‌്തുകൊണ്ടിരുന്ന സമയത്ത് ശത്രുതാ മനോഭാവമുള്ളവർ പ്രശ്നമുണ്ടാക്കുമായിരുന്നു. അതിനെ തുടർന്നാണ് ഗൾഫിലേക്ക് പോയത്. എന്നാൽ അങ്ങനെ നടന്നത് നന്നായെന്നും, അതുകൊണ്ടാണ് തനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞതെന്നും രവി പിള്ള പറയുന്നു.
കേരളത്തിൽ വ്യവസായ അന്തരീക്ഷം ഇപ്പോൾ മാറുന്നുണ്ട്. എന്നാൽ ടൂറിസവും ഐടിയുമല്ലാതെ എന്ത് വ്യവസായമാണ് ഇപ്പോഴും കേരളത്തിൽ ചെയ്യാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ഫാക്‌ടറികൾ നിർമ്മിക്കാൻ സ്ഥലം കിട്ടാനില്ല. മാൻ പവർ കുറവാണ്. കിട്ടണമെങ്കിൽ തന്നെ യുപിയേയോ ബിഹാറിനേയോ ആശ്രയിക്കണം. അവരും മാറിക്കൊണ്ടിരിക്കുകയാണ്.
വലിയ മാറ്റങ്ങളാണ് യുപിയിലും ബിഹാറിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അങ്ങനെ വന്നാൽ മാൻപവർ നമുക്ക് കിട്ടില്ല. കേരളം വലിയ രീതിയിൽ പ്രയാസപ്പെടും. അത് മുൻകൂട്ടി കണ്ടുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കണമെന്നും രവി പിള്ള അഭിപ്രായപ്പെട്ടു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.