തൃശൂർ ഡിസിസിക്ക് പ്രസിഡന്റായി; ജോസഫ് ടാജറ്റിനെ നിയമിച്ച് എഐസിസി
Saturday 08 February 2025 9:23 PM IST
തൃശൂർ: തൃശൂർ ഡിസിസി പ്രസിഡന്റായി അഡ്വ. ജോസഫ് ടാജറ്റിനെ നിയമിച്ചു. നിയമനത്തിന് എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുമതി നൽകിയതായി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കെ മുരളീധരന്റെ തോൽവിയെത്തുടർന്ന് കോൺഗ്രസിൽ വലിയ ആഭ്യന്തരസംഘർഷങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് ജോസ് വള്ളൂർ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പിന്നാലെ പാലക്കാട് എം പി വി കെ ശ്രീകണ്ഠന് താൽക്കാലിക ചുമതല നൽകിയിരുന്നു.
മൂന്നുമാസത്തെ താൽക്കാലിക ചുമതലയായിരുന്നു നൽകിയത്. ജോസഫ് ടാജറ്റിന്റെയും മുൻ എംഎൽഎ അനിൽ അക്കരയുടെയും പേരുകളാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. നിലവിൽ തൃശൂർ ജില്ലാ പഞ്ചായത്തിൽ പ്രതിപക്ഷ നേതാവാണ് ജോസഫ് ടാജറ്റ്.