വിശപ്പകറ്റാൻ ഇതാ ഭക്ഷണ അലമാര

Sunday 09 February 2025 4:29 AM IST

കൊല്ലം: പെരിനാട് ചിറക്കോണം ഇ.എസ്.ഐ ജംഗ്ഷനിൽ എത്തുന്നവർക്ക് ഇനി വിശന്നുവലയേണ്ട, ഒരു നേരത്തെ അന്നം ഉറപ്പായും ലഭിക്കും. കഴിഞ്ഞ ഒക്ടോബർ പകുതിയോടെയാണ് സ്‌നേഹഗ്രാമം വായനശാലയിൽ ഭക്ഷണ അലമാര സ്ഥാപിച്ചത്. പെരിനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ ജാഫി മജീദിന് തോന്നിയ ആശയമാണിത്.

പൊതുപ്രവർത്തകനായ എ.ഹെൻട്രിയുടെ മകൻ സജിയുടെ ഓർമ്മയ്ക്കായി തുടങ്ങിയ സജി ഫൗണ്ടേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണ അലമാര സ്ഥാപിച്ചത്. ഫൗണ്ടേഷൻ ചെയർമാനും ജാഫി മജീദാണ്. സ്വന്തം സമ്പാദ്യവും സുഹൃത്തുക്കളുടെ സഹായവുംകൊണ്ടാണ് ആദ്യം പൊതിച്ചോർ എത്തിച്ചത്. പിന്നീട് നാട്ടുകാരും ചേർന്നു. പിറന്നാൾ, വിവാഹം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ മിക്കവരും ഭക്ഷണപ്പൊതി എത്തിച്ചുതുടങ്ങി. മാസത്തിൽ 15 ദിവസത്തോളം സ്‌പോൺസർമാരുണ്ടാകും. ദിവസം 20 ലധികം പേർക്ക് പൊതിച്ചോർ നൽകുന്നുണ്ട്. ഉച്ചയ്ക്ക് 12.30 ആകുമ്പോഴേക്കും ഭക്ഷണപ്പൊതികൾ അലമാരയിൽ നിറയും. ഫൗണ്ടേഷൻ ഭാരവാഹികളായ എ.ഹെൻട്രി, എ.ജെയിംസ്, എ.ബാബു എന്നിവരും ഒപ്പമുണ്ട്. സമീപവാസികളായ ഷിഹാന, ഹിഷാം, ഷംനാദ് എന്നിവർ മുടങ്ങാതെ ഭക്ഷണം എത്തിക്കുന്നവരാണ്.

118 ദിനങ്ങൾ


 118 ദിനങ്ങളായി ഭക്ഷണ അലമാര പ്രവർത്തിക്കുന്നു

 ദരിദ്രരായ കിടപ്പുരോഗികൾക്ക് ഭക്ഷണപ്പൊതി വീട്ടിലെത്തിക്കും

പാനീയങ്ങളും ലഘുഭക്ഷണവും നൽകുന്ന ഹാപ്പി ഫ്രിഡ്ജ് ഒരുക്കും