പാറശാല ബ്ലോക്ക് പഞ്ചാ. ഓഫീസ് അടിച്ചു തകർത്തു
പാറശാല: സി.പി.എം ഭരിക്കുന്ന പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടിച്ചുതകർത്ത് അക്രമികളുടെ വിളയാട്ടം. കോൺഫറൻസ് ഹാൾ, ഓഫീസ് മുറികൾ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ ഓഫീസ് മുറികൾ, നോട്ടീസ് ബോർഡ് ഉൾപ്പെടെ അടിച്ചു തകർത്തു. പഞ്ചായത്തിന്റെ ബൊലേറോ ജീപ്പിന്റെ ചില്ലുകൾ തകർത്തു. ഓഫീസിലെ അലമാരകൾ തുറന്ന് ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
ഓഫീസിന്റെ പൂട്ട് തകർത്താണ് അക്രമികൾ ഉള്ളിൽ കടന്നത്. അക്രമികളെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. അന്വേഷണം ഊർജിതമാക്കി. ഓഫീസിലെ രണ്ടാംനിലയിൽ പണിനടക്കുന്നുണ്ട്. ഇതിനായി ഇന്നലെ രാവിലെ എത്തിയ തൊഴിലാളികളാണ് ഓഫീസ് അടിച്ചുതകർത്ത നിലയിൽ കണ്ടത്. ഉടൻ വിവരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിനെ അറിയിച്ചു.
ഓഫീസിലെ ഫയർ എക്സ്റ്റിംഗ്യൂഷർ സിലിണ്ടറുകൾ തുറന്ന് വിട്ടതിനാൽ രാസവസ്തുക്കൾ നിറഞ്ഞ മഞ്ഞനിറത്തിലുള്ള പൗഡർ മുറികളിലാകെ വ്യാപിച്ച നിലയിലായിരുന്നു. കോൺഫറൻസ് ഹാളിലുണ്ടായിരുന്ന ആംപ്ലിഫയർ, മൈക്കുകൾ എന്നിവയും അടിച്ചുതകർത്തു. ഇവ ചില്ലുതകർത്ത ബൊലേറോ ജീപ്പിൽ ഉപേക്ഷിച്ച നിലയിലാണ്. പൂട്ടുകൾ തകർക്കാനായി ഉപയോഗിച്ച കമ്പിപ്പാരയിൽ ചുവപ്പ് കൊടി കെട്ടി കോൺഫറൻസ് ഹാളിന് മുന്നിലെ തൂണിൽ ചാരി വച്ചിരുന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഫിംഗർ പ്രിന്റ്, ഫോറൻസിക് വിദഗ്‌ദ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
സി.സി ടിവികൾ
പ്രവർത്തനരഹിതം
ഓഫീസിന് മുന്നിലായി നാല് സി.സി ടിവി ക്യാമറകളുണ്ടെങ്കിലും വ്യാഴാഴ്ച മുതൽ ഇവ പ്രവർത്തന രഹിതമാണ്. സമീപ പ്രദേശങ്ങളിലെ സി.സി ടിവിയടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഓഫീസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വസ്ത്രം മണത്ത പൊലീസ് നായ റോഡിലിറങ്ങി പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷൻവരെ എത്തി.
''അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നാണ് അറിയുന്നത്
-ബെൻ ഡാർവിൻ, പ്രസിഡന്റ്
പാറശാല ബ്ലോക്ക് പഞ്ചായത്ത്