വൻ പിരിച്ചുവിടലുമായി മെറ്റ

Monday 10 February 2025 12:46 AM IST

കൊച്ചി: പ്രമുഖ സാമൂഹിക മാദ്ധ്യമമായ ഫേസ്‌ബുക്കിന്റെ ഉടമകളായ മെറ്റ കോർപ്പറേഷൻ മൂവായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ മൊത്തം ജീവനക്കാരിൽ അഞ്ച് ശതമാനം പേരെ പിരിച്ചുവിടാൻ നൽകിയ ഇന്റേണൽ മെമ്മോ ഇന്നലെ ചോർന്നു. മെറ്റയുടെ മാനവശേഷി വിഭാഗം വൈസ് പ്രസിഡന്റ് ജാനല്ലെ ഗെയിൽ ആഭ്യന്തര വർക്ക്‌പ്ളേസ് ഫോറത്തിലാണ് മെമ്മോ പോസ്‌റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ മുതൽ പിരിച്ചുവിടൽ പ്രാബല്യത്തിൽ വരുമെന്നും ഒരു മണിക്കൂറിനുള്ളിൽ ഇവർക്ക് കമ്പനിയുടെ എല്ലാ സിസ്‌റ്റത്തിലേക്കുമുള്ള ആക്സസ് നഷ്‌ടമാകുമെന്നും മെമ്മോയിൽ പറയുന്നു. ജോലി നഷ്‌ടമാകുന്നവർക്കുള്ള സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങളും മെയിലിലുണ്ട്.

ഹൈബ്രിഡ് ജോലി മാതൃകയാണ് മേറ്റ പിന്തുടരുന്നത്. ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ഓഫീസുകളിൽ എത്തേണ്ടത്. മൂന്ന് ദിവസം വർക്ക് ഫ്രം ഹോം രീതിയാണ്. പ്രവർത്തന മികവില്ലാത്ത ജീവനക്കാരെ ഒഴിവാക്കുമെന്ന് കഴിഞ്ഞ മാസം മെറ്റ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് അറിയിച്ചിരുന്നു. കഴിഞ്ഞ മാസം പ്രമുഖ ഡിജിറ്റൽ കമ്പനിയായ ആമസോൺ ആയിരം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.