1.75 കോടി രൂപ അനുവദിച്ചു ആനയം- ഇലഞ്ഞിക്കോട് പാലം യാഥാർത്ഥ്യമാകും

Monday 10 February 2025 12:12 AM IST
നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച ആനയം- ഇലഞ്ഞിക്കോട് പാലം

കൊട്ടാരക്കര: നെടുവത്തൂർ, എഴുകോൺ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനയം ഇലഞ്ഞിക്കോട് പാലം യാഥാർത്ഥ്യമാകും. മന്ത്രി കെ.എൻ.ബാലഗോപാൽ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി 1.75 കോടി രൂപ അനുവദിച്ചതോടെയാണ് നാടിന്റെ പ്രതീക്ഷയ്ക്ക് ചിറകുമുളച്ചത്. നെടുവത്തൂർ പഞ്ചായത്തിലെ പുല്ലാമല ഹെൽത്ത് സെന്ററിന് സമീപത്തുകൂടി ആനയം, ഇലഞ്ഞിക്കോട് വഴി എഴുകോണിലെത്താനുള്ള എളുപ്പവഴിയാണ് ഒരുങ്ങുക. നെടുവത്തൂർ പഞ്ചായത്തിലെ കിള്ളൂർ നിന്ന് ആനയം ഇലഞ്ഞിക്കോട് റോഡിന്റെ നിർമ്മാണം നേരത്തെ തുടങ്ങിയിരുന്നു. 4.5 കോടി രൂപയുടേതാണ് റോഡ് നിർമ്മാണം. റോഡിന്റെ ഭാഗമായ കലുങ്കുകൾ പുനർ നിർമ്മിക്കാത്തതിൽ ചില്ലറ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും യാത്രാ ദുരിതത്തിന് ആശ്വാസമായെന്ന ആശ്വാസത്തിനിടയിലാണ് പാലം നിർമ്മിക്കാനും തുക അനുവദിച്ചത്.

ഏറെ നാളത്തെ ആവശ്യം

ജില്ലാ പഞ്ചായത്തിൽ നിന്ന് 1.60 കോടി രൂപ അനുവദിച്ചുകൊണ്ട് 2018ൽ ആനയം- ഇലഞ്ഞിക്കോട് പാലത്തിന്റെ നിർമ്മാണം തുടങ്ങിവച്ചതാണ്. എന്നാൽ നിർമ്മാണം പാതിവഴിയിൽ നിലച്ചു. തോടിന് കുറുകെയാണ് ഇവിടെ പാലം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. മൂന്ന് മീറ്റർ വീതിയുള്ള തോടിന് കുറുകെ പാലം നിർമ്മിക്കുമ്പോഴും പ്രതിസന്ധികൾ ഏറെയുണ്ടായി. ഇരുഭാഗത്തെയും ഭൂമിക്ക് ഉയരക്കൂടുതലുണ്ട്. ഇതുമൂലം പാലത്തിന്റെ തൂണുകൾക്കും ഉയരംകൂട്ടേണ്ടിവന്നു. രൂപരേഖ മാറിയതോടെ കരാർ തുക പോരെന്ന കാരണത്താൽ നിർമ്മാണം നിലച്ചു. പിന്നീട് മൂന്ന് തവണ കരാർ മാറ്റി നൽകിയിട്ടും പാലത്തിന്റെ നിർമ്മാണം നടന്നില്ല.

സാമഗ്രികൾ നശിച്ചു

പാലത്തിന്റെ നിർമ്മാണത്തിനായി ഇറക്കിയ നൂറുകണക്കിന് ചാക്കിലെ സിമന്റുകളാണ് ഉപയോഗിക്കാനാകാതെ കട്ടപിടിച്ച് നശിച്ചത്. കമ്പികളും തുരുമ്പെടുത്ത് നശിച്ചു. മറ്റ് സാമഗ്രികളിൽ പലതും മോഷണം പോയി.

യാത്രാദുരിതം മാറും

പുല്ലാമല, ആനക്കോട്ടൂർ പ്രദേശത്തുകാർക്ക് എഴുകോണിലെത്താനും തിരിച്ചും ഉപകരിക്കുന്നതാണ് പുതിയ പാലം. ഇപ്പോൾ ആറ് കിലോമീറ്ററിലധികം അധിക യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. പാലത്തിനൊപ്പം അനുബന്ധ റോഡ് നി‌ർമ്മാണത്തിനുകൂടിയാണ് തുക അനുവദിച്ചിട്ടുള്ളത്. റോഡ് നിർമ്മിക്കാൻ പത്ത് കുടുംബങ്ങൾ ഭൂമി വിട്ടുനൽകിയിരുന്നു.