അദ്ധ്യാപകൻ കുട്ടികളെ ഡേറ്റിംഗിന്  റൂമിലേക്ക്  വിളിക്കും'; 19കാരി തൂങ്ങിമരിച്ച സംഭവത്തിൽ ആരോപണവുമായി കുടുംബം

Monday 10 February 2025 10:17 PM IST

പത്തനംതിട്ട: പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കുടുംബം. 19കാരിയായ ഗായത്രിയെയാണ് വാടക വീട്ടിലെ മുറിക്കുള്ളിൽ ഇന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ആർമി റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ അദ്ധ്യാപകന്റെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പെൺകുട്ടിയുടെ അമ്മ രാജി ആരോപിക്കുന്നത്. അദ്ധ്യാപകൻ വിദ്യാർത്ഥികളെ ഡേറ്രിംഗിനായി വിളിക്കാറുണ്ടെന്നും അമ്മമാരോട് ചാറ്റിംഗ് നടത്താറുണ്ടെന്നും രാജി ആരോപിച്ചു.

'പല പിള്ളരെയും ഡേറ്റിംഗിന് റൂമിലേക്ക് വിളിക്കും. ഹോട്ടൽ മുറിയെടുത്ത് ഡേറ്റിംഗിന് വിളിക്കുന്നുണ്ട്. മകളോടും ഇത്തരത്തിൽ സംസാരിച്ചു. എന്റെ അച്ഛനും അമ്മയും നല്ല രീതിയിലാണ് പഠിപ്പിക്കുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നും മകൾ മറുപടി പറഞ്ഞു. മൂന്ന് ദിവസം മകളോട് ക്ലാസിൽ വരേണ്ടെന്ന് അദ്ധ്യാപകന് പറഞ്ഞിരുന്നു. നിന്റെ അമ്മയോട് വിളിക്കാൻ പറയാനായിരുന്നു അദ്ധ്യാപകൻ പറഞ്ഞത്. ഫോൺ വിളിച്ചപ്പോൾ വാട്സാപ്പ് ഉള്ള ഫോൺ എടുത്തൂടെ എന്നായിരുന്നു ചോദ്യം. അദ്ധ്യാപകന് കുഞ്ഞെന്നോ വല്യവരെന്നോ തിരില്ല. അമ്മമാരുടെ വാട്സാപ്പ് ഫോണിലൂടെ ചാറ്റ് ചെയ്യും',- രാജി ആരോപിച്ചു.

ഇന്ന് വെെകിട്ടാണ് ഗായത്രി തൂങ്ങിമരിച്ചത്. ഹോട്ടൽ ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മകളെ കാണുന്നത്. അടൂരിലെ ആർമി റിക്രൂട്ട്‌മെന്റ് പരീശീലന കേന്ദ്രത്തിലെ അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിയായിരുന്നു. സ്ഥാപനത്തിലെ അദ്ധ്യാപകനായ വിമുക്ത ഭടനെതിരെയാണ് അമ്മ ആരോപണം ഉന്നയിക്കുന്നത്.