അനന്തുകൃഷ്ണനിൽ നിന്ന് പണം വാങ്ങിയിട്ടില്ല: സി.വി. വർഗീസ്
Tuesday 11 February 2025 12:46 AM IST
ഇടുക്കി: തങ്കമണി സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നൽകിയെന്ന പകുതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണന്റെ മൊഴി നിഷേധിച്ച് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. തങ്കമണി ബാങ്കിൽ തനിക്ക് ഒരുവിധ ഇടപാടുകളും നിലവിലില്ല. സ്വകാര്യ അക്കൗണ്ട് ഇല്ല. താൻ വ്യക്തിപരമായി ഒരുരൂപ പോലും വാങ്ങിയിട്ടില്ല. പിടിയിലായ ശേഷം അനന്തുകൃഷ്ണൻ മറ്റൊരാൾവഴി സഹായം അഭ്യർത്ഥിച്ച് എത്തിയിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിൽ സഹായിക്കാൻ കഴിയില്ലെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് വഴി പണമിടപാട് നടത്തിയെന്ന ആരോപണം തങ്കമണി കോ ഓപ്പറേറ്റീവ് ബാങ്കും തള്ളി. സി.വി.വർഗീസിനോ സി.പി.എമ്മിനോ ബാങ്കിൽ അക്കൗണ്ടുകളില്ല. 25 ലക്ഷം രൂപ ബാങ്കിലെ ഒരു അക്കൗണ്ടിലേക്കും എത്തിയിട്ടില്ല.