ഇന്ദുലക്ഷമിയ്ക്കെതിരെ അപകീർത്തി കേസ് നൽകി ഷാജി എൻ കരുൺ

Tuesday 11 February 2025 12:09 AM IST

തിരുവനന്തപുരം: നവാഗത സംവിധായിക ഇന്ദുലക്ഷ്മിയ്ക്കെതിരെ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ അപകീർത്തി കേസ് ഫയൽ ചെയ്തു. അഭിഭാഷകനായ പി.എ അഹമ്മദ് മുഖാന്തിരം തിരുവനന്തപുരം സബ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. തന്നെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഇന്ദുലക്ഷ്മി പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

2022ൽ വനിത സിനിമ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ നിള എന്ന സിനിമ സംവിധാനം ചെയ്യാൻ ഇന്ദുലക്ഷമിയെ നിയമിച്ചു. സിനിമ പൂർത്തിയായി കേരളത്തിലെ 57 തിയേറ്ററുകളിൽ പ്രദർശിപ്പിച്ചെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിൽ നിന്ന് പ്രതികരണമുണ്ടായില്ല. ഒരു ലക്ഷം രൂപയാണ് സിനിമയുടെ വരുമാനമായി ലഭിച്ചത്.എന്നാൽ ചിത്രം റിലീസ് ചെയ്തതിനെ പറ്റിയും ഫിലിംഫെസ്റ്റിവലുകളിൽ അയക്കാത്തതും താൻ മനപൂർവം ചെയ്തതാണെന്ന് ഇന്ദുലക്ഷ്മി പ്രസ്താവനകൾ നടത്തി. എന്നാൽ സിനിമ ദേശീയ ചലച്ചിത്ര മേളകൾ തുടങ്ങി 19 മേളകളിൽ അയച്ചെങ്കിലും അത് പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.