കാട്ടാനയുടെ ആക്രമണം: സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം, ഇന്ന് തന്നെ നൽകുമെന്ന് കളക്ടർ

Tuesday 11 February 2025 6:47 AM IST

ഇടുക്കി: പെരുവന്താനത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടർ. ഇന്ന് തന്നെ ധനസഹായം നൽകുമെന്ന് കളക്ടർ വി. വിഗ്‌നേശ്വരി ഉറപ്പുനൽകി. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്.

സോഫിയയുടെ മകൾക്ക് ജോലി നൽകുമെന്ന ഉറപ്പും കളക്ടർ നൽകയിട്ടുണ്ട്. ഇതേ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് പുലർച്ചെയാണ് മൃതദേഹം മാറ്റാൻ കഴിഞ്ഞത്. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

കഴിഞ്ഞ ദിവസം വെെകിട്ടോടെ വീട്ടിന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സോഫിയയുടെ വീട്. ഈ മാസം കാട്ടാനയുടെ ആക്രണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഇടുക്കി മറയൂരിൽ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തിൽ ചഫക്കാട് കുടി സ്വദേശി വിമലൻ (57) കൊല്ലപ്പെട്ടിരുന്നു.