മെഡി.കോളേജിലെ ക്യാൻസർ രോഗികൾക്ക് ആശ്വാസം റോഡിയോതെറാപ്പി യന്ത്രത്തകരാർ പരിഹരിച്ചു

Wednesday 12 February 2025 1:44 AM IST

ഇന്നുമുതൽ ചികിത്സ പുനഃരാരംഭിക്കും

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്യാൻസർ ചികിത്സാ വിഭാഗത്തിലെ റേഡിയോ തെറാപ്പി യന്ത്രത്തിന്റെ സാങ്കേതികത്തകരാർ പരിഹരിച്ചതോടെ പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് ആശ്വാസം. ഇന്നുമുതൽ ചികിത്സ പുനഃരാരംഭിക്കും.പണം നൽകാത്തതിനാൽ മെഡിക്കൽ കോളേജിലെ റേഡിയോ തെറാപ്പി യന്ത്രത്തിന്റെ അറ്റകുറ്റപ്പണി പ്രതിസന്ധിയിലായത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് നടപടികൾക്ക് വേഗം കൂടിയത്. 3ഡി ലീനിയർ ആക്‌സിലേറ്ററിന്റെ കമ്പനിക്ക് നൽകാനുള്ള തുകയുടെ ചെറിയൊരു ഭാഗം നൽകിയശേഷം ബാക്കി ഉടൻ നൽകുമെന്ന ഉറപ്പിന്മേലാണ് തകരാർ പരിഹരിച്ചത്.

വെള്ളയാഴ്ച പണി കഴിഞ്ഞെങ്കിലും ടെസ്റ്റ് റൺ ഇന്നലെയാണ് പൂർത്തിയായത്. കഴിഞ്ഞമാസം 24നാണ് വേരിയന്റ് കമ്പനിയുടെ യന്ത്രം തകരാറിലായത്. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ 3ഡി ലീനിയർ ആക്‌സിലേറ്ററിന്റെ അറ്റകുറ്റപണി ചെയ്ത ഇനത്തിൽ കെ.എം.എസ്.സി.എൽ 75ലക്ഷം രൂപയാണ് കമ്പനിക്ക് നൽകാനുള്ളത്. 28ലക്ഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ കുടിശിക. ഇതിൽ 10ലക്ഷത്തോളം രൂപ നൽകിയാണ് താത്കാലിക പരിഹാരം കണ്ടത്. യന്ത്രത്തകരാർ കാരണം മെഡിക്കൽ കോളേജിലെ രോഗികളെ ആർ.സി.സിയിലേക്ക് അയച്ചെങ്കിലും അവിടെ തിരക്ക് കാരണം മാർച്ച്, ഏപ്രിൽ മാസത്തേക്കാണ് റോഡിയേഷന് ദിവസം നൽകിയത്.മാത്രമല്ല മെഡിക്കൽ കോളേജിൽ ചികിത്സതേടുന്ന രോഗികൾക്ക് ആർ.സി.സിയിലേക്ക് പോകാനുള്ള മാനസികബുദ്ധിമുട്ടും പ്രകടിപ്പിച്ചിരുന്നു.

പിടിച്ചുനിന്നത് കൊബാൾട്ടിൽ

3ഡി ലീനിയർ ആക്‌സിലേറ്ററിൽ പ്രതിദിനം 42പേർക്കാണ് റേഡിയേഷൻ നൽകുന്നത്.യന്ത്രം കേടായതോടെ പഴയ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന കൊബാൾട്ട് യന്ത്രം ഉപയോഗിച്ച് റേഡിയേഷൻ നൽകി. നിലവിൽ ചികിത്സ ആരംഭിച്ച രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് അയക്കാനാകില്ല.അതിനാലാണ് കൊബാൾട്ട് യന്ത്രത്തിൽ റേഡിയേഷൻ നൽകിയത്.ഈ യന്ത്രത്തിന് പോരായ്മകൾ ഉള്ളതിനാൽ ഇപ്പോൾ ഇത് ഒരിടത്തും ഉപയോഗിക്കാറില്ല.