വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് ഹർത്താൽ

Wednesday 12 February 2025 7:18 AM IST

കൽപറ്റ: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസും പ്രഖ്യാപിച്ച ഹർത്താൽ ഇന്ന്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ഒന്നും ഹർത്താലിനെ പിന്തുണച്ചിട്ടില്ല. ഹർത്താലുമായി സഹകരിക്കില്ല എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്.

കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും,ബസ് നിർത്തിവെച്ചു കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരൻ അറിയിച്ചു. നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിർത്തി വെച്ച് കൊണ്ടുള്ള സമരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് സംഘടനയുടെ നിലപാട്.

വയനാട്ടിൽ കേരള- തമിഴ്നാട് അതിർത്തിയിലെ അമ്പലമൂല, വെള്ളരി, നരിക്കൊല്ലി മെഴുകൻമൂല ഉന്നതിയിലെ മനു (46) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് മനുവിനെ കാട്ടാന കൊന്നത്. ഇന്നലെ രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കാപ്പാട്ടെ മനുവിന്റെ കുടുംബ വീടിനടുത്തെ വയലിന് സമീപത്ത് മൃതദേഹം കണ്ടത്.

ഭാര്യ ചന്ദ്രികയുമൊത്ത് അങ്ങാടിയിൽ നിന്ന് സാധനം വാങ്ങിയശേഷം മനു കാപ്പാട്ടെ കുടുംബവീട്ടിലേക്ക് പോയി. ഭാര്യ നരിക്കൊല്ലിയിലെ വീട്ടിലേക്കും. രാത്രി എട്ടോടെ ഓട്ടോയിൽ ഓണിവയലിൽ വന്നിറങ്ങിയശേഷം കുടുംബ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് മനുവിനെ കാട്ടാന ആക്രമിച്ചത്. മക്കൾ: സജിത, ബബിന, സംഗീത, സനിഷ.