മൂന്നാം ഏകദിനത്തിലും തോറ്റ് നാണംകെട്ട് ഇംഗ്ളണ്ട്, അഹമ്മദാബാദിൽ ഇന്ത്യൻ വിജയം 142 റൺസിന്

Wednesday 12 February 2025 8:55 PM IST

അഹമ്മദാബാദ്: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. മൂന്നാം ഏകദിനത്തിലും പൂർണപരാജയം സമ്മതിച്ച് ഇംഗ്ളണ്ട് ബാറ്റിംഗ്‌നിര. 357 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ളണ്ട് 35 ഓവറിൽ 214 റൺസിന് ഓൾഔട്ടായി. എട്ടാമനായിറങ്ങിയ ഗസ് അറ്റ്‌കിൻസൺ (38), ടോം ബാൻടൺ (41 പന്തിൽ 38), ബെൻ ഡക്കറ്റ് (34) എന്നിവർ മാത്രമാണ് പ്രതിരോധിച്ചത്. തുടക്കത്തിൽ ആക്രമിച്ച് കളിച്ച ഇംഗ്ളണ്ട് ഓപ്പണർമാർ ആറ് ഓവറിൽ 62 റൺസിൽ നിൽക്കവെയാണ് പിരിഞ്ഞത്. ബെൻ ഡക്കറ്റ് (34) ആണ് ആദ്യം പുറത്തായത്. പിന്നീട് ഫിൽ സാൾട്ടും പുറത്തായി. ഇരുവരെയും അർഷദീപ് ആണ് പുറത്താക്കിയത്. പിന്നീട് പിടിച്ചുനിൽക്കുമെന്ന് കരുതിയെങ്കിലും ടീം സ്‌കോർ 126 എത്തിയപ്പോൾ ബാൻടൺ ഔട്ടായി. പിന്നീട് കൃത്യമായ ഇടവേളയിൽ ഇംഗ്ളണ്ടിന്റെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഇന്ത്യക്കായി എല്ലാ ബൗള‌ർമാരും വിക്കറ്റുകൾ നേടി. അർഷ്‌ദീപ്, ഹർഷിത് റാണ, ഹാർദ്ദിക് പാണ്ഡ്യ,അക്‌സർ പട്ടേൽ എന്നിവർ രണ്ടും വാഷിംഗ്‌ടൺ സുന്ദറും കുൽദീപ് യാദവും ഓരോന്നും വീതം വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ ക്യാപ്റ്റൻ രോഹിത് ശർമ്മയെ (1) നഷ്ടപ്പെട്ടു. എന്നാൽ പിന്നാലെയെത്തിയ കൊഹ്ലിയുമായി ചേർന്ന് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തന്റെ ഹോം ഗ്രൗണ്ടിൽ തകർപ്പൻ പ്രകടനം തന്നെ നടത്തി. കരിയറിലെ ഏഴാം ഏകദിന സെഞ്ച്വറി നേടിയാണ് ഗിൽ പുറത്തായത്. 102 പന്തുകളിൽ ഗിൽ 112 റൺസ് നേടി. 14 ഫോറും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഗിൽ ആണ് കളിയിലെ കേമൻ.

ഇന്നത്തെ മത്സരത്തിൽ കൊഹ്‌ലിയും തന്റെ ഫോം തിരികെ കൊണ്ടുവരുന്ന സൂചനകളാണ് നൽകിയത്. കരിയറിലെ 73ാം അർദ്ധസെഞ്ച്വറിയാണ് കൊഹ്ലി നേടിയത്. ആദിൽ റഷീദിന്റെ മികച്ച പന്തിൽ കൊഹ്ലി (52) പുറത്തായതിന് പിന്നാലെ വന്ന ശ്രേയസ് അയ്യർ 64 പന്തുകളിൽ 78 റൺസ് നേടി മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. കെഎൽ രാഹുൽ (40), ഹാർദ്ദിക് പാണ്ഡ്യ (17), അക്സർ പട്ടേൽ (13), വാഷിംഗ്ടൺ സുന്ദർ (14), ഹർഷിത് റാണ (13), അർഷദീപ് (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനങ്ങൾ. നിശ്ചിത 50 ഓവറിൽ 356ന് ഇന്ത്യ ഓൾഔട്ടായി.