പമ്പയിലെ വെള്ളത്തിൽ ഉപ്പുരസം

Thursday 13 February 2025 12:53 AM IST

പത്തനംതിട്ട : പമ്പാനദിയിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നതിന് പിന്നാലെ വെള്ളത്തിൽ ഉപ്പുരസം കലർന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. പമ്പാ നദി ഒഴുകി പരക്കുന്ന വേമ്പനാട്ട് കായലിലെ വെള്ളം, പമ്പയിലേക്ക് ഉറവകളായി എത്തുന്നതാണ് ഉപ്പുരസം കലരാൻ കാരണം. അപ്പർ കുട്ടനാട് മേഖലയിലും ആറാട്ടുപുഴ ഭാഗത്തും പമ്പയിലെ വെള്ളത്തി​ൽ ഉപ്പിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് മണിയാർ, കുള്ളാർ ഡാമുകൾ തുറന്ന് വെള്ളം പമ്പയിലേക്ക് തുറന്നുവിടാൻ തീരുമാനിച്ചു. നദിയിലെ ജലനിരപ്പുയർത്തി വേമ്പനാട്ട് കായലിലേക്ക് ഒഴുക്കിന്റെ ശക്തി കൂട്ടുകയാണ് ലക്ഷ്യം, ഇതോടെ ഉപ്പുവെള്ളം നദിയിലേക്ക് കലരുന്നത് ഒഴിവാകും.

കൃഷിയെയും ശുദ്ധജല വിതരണത്തെയും ബാധിക്കും

വേമ്പനാട്ട് കായലിൽ നിന്നുള്ള വെള്ളം പമ്പാനദിയിൽ കലരുന്നത് പാടശേഖരങ്ങളിൽ കൃഷിക്ക് നാശമുണ്ടാക്കും. സമീപതോടുകളിലെ വെള്ളം കിണറുകളിലേക്ക് എത്തുകയും ചെയ്യും. ജില്ലയിലെ ശുദ്ധജല വിതരണ പദ്ധതികൾക്കും പ്രതിസന്ധിയുണ്ടാക്കും. ജില്ലയിൽ പതിനെട്ട് പ്രധാന ശുദ്ധജല വിതരണ പദ്ധതികൾ പമ്പാനദിയെ ആശ്രയിച്ചുള്ളവയാണ്.
പമ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ നദിയുടെ അടിത്തട്ടും ജലവിതാനവും അഞ്ചുമീറ്ററിലധികം താഴ്ന്നിട്ടുണ്ട്. അടിത്തട്ട് ചെളി നിറഞ്ഞു കിടക്കുന്നതിനാൽ ശുദ്ധജലവും ലഭ്യമല്ല. പല പദ്ധതികളിലും പമ്പിംഗ് തന്നെ മുടങ്ങുന്ന സ്ഥിതിയുണ്ട്. വേനലിൽ ഭൂഗർഭജലവിതാനം താഴ്ന്നതോടെ സമീപത്തെ കിണറുകളും വേഗത്തിൽ വറ്റുകയാണ്.

പമ്പയെ ആശ്രയിച്ച് 18 ശുദ്ധജല വിതരണ പദ്ധതികൾ