കേരളത്തിന് ഗോൾഡൻ റിലേ, മിക്സഡ് റിലേയിൽ സ്വർണം
Thursday 13 February 2025 4:58 AM IST
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിലെ അത്‌ലറ്റിക്സിൽ രണ്ടാമതൊരു സ്വർണത്തിനായുള്ള കേരളത്തിന്റെ കാത്തിരിപ്പിന് അവസാന ഇനമായ 4-400 മീറ്റർ മിക്സഡ് റിലേയിൽ വിജയപര്യവസാനം. മനു ടി.എസ്, സ്‌നേഹ മറിയം വിൽസൺ, ബിജോയ്.ജെ, അൻസ ബാബു എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. കേരളത്തിന്റെ അത്‌ലറ്റിക്സിലെ രണ്ടാമത്തേയും ഗെയിംസിലെ 13-ാമത്തേയും സ്വർണമാണിത്. വനിതകളുടെ ജൂഡോയിൽ അശ്വതി പി.ആറിന് വെള്ളി ലഭിച്ചു. ജിംനാസ്റ്റിക്സിൽ കേരളതാരം അമാനി ദിൽഷാദ് വെങ്കലം നേടി. ജിംനാസ്റ്റിക്സിൽ സർവീസസിന് വേണ്ടി മത്സരിച്ച മലയാളി താരം ഹരികൃഷ്ണൻ സ്വർണം നേടി. 17 വെള്ളിയും 23 വെങ്കലങ്ങളുമടക്കം 53 മെഡലുകളുമായി കേരളം പട്ടികയിൽ 12-ാമതാണ്.