ജി.എസ്.ടി.യിൽ ഫെയ്സ് ലെസ് അഡ്‌ജൂഡിക്കേഷൻ

Thursday 13 February 2025 12:17 AM IST

തിരുവനന്തപുരം: ജി.എസ്.ടി വകുപ്പിൽ ആധുനിക ഫേസ്‌ലെസ് അഡ്‌ജൂഡിക്കേഷൻ സംവിധാനം നടപ്പിലാക്കുമെന്ന് നിയമസഭയിൽ ബഡ്ജറ്റ് ചർച്ചയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇതിനാവശ്യമായ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ ക്രമീകരണങ്ങൾക്ക് 10 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. നികുതിദായകർക്ക് നീതിയുക്തമായ അഡ്‌ജൂഡിക്കേഷൻ ലഭ്യമാക്കാനും ജി.എസ്.ടി വകുപ്പിലെ ജോലിഭാരം ഡിജിറ്റൽ സൗകര്യങ്ങൾ ഉപയോഗിച്ച് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. അന്തർ സംസ്ഥാന വില്പനയിലെ ഐ.ജി.എസ്.ടിയുടെ വിഹിതം സംസ്ഥാനത്തിന് കൃത്യമായി ലഭ്യമാക്കാൻ ശ്രമം തുടരുകയാണ്. ഇതിനായി ജി.എസ്.ടി വകുപ്പിലെ ഡാറ്റ അനാലിറ്റിക്സ് വിഭാഗത്തിന്റെ പ്രവർത്തനം ശക്തമാക്കും. കഴിഞ്ഞ വർഷം ഇ കോമേഴ്സ് വഴിയുള്ള വിൽപ്പനയിലെ നികുതി ചോർച്ച തടയാൻ ആവശ്യമായ മാറ്റങ്ങൾ ഒരുക്കിയത് കേരളം മുൻകൈയെടുത്താണെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു.