കാലം മാറി, മാറാതെ പി.എസ്.സി മൊബൈൽ ആപ്പ് വേണമെന്ന് ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം: സാങ്കേതികവിദ്യ അനുദിനം വളരുമ്പോഴും അത് ഉപയോഗപ്പെടുത്താതെ പി.എസ്.സി. ബാങ്കിംഗ് ഇടപാടുകൾ വരെ മൊബൈൽ ഫോണിലൂടെ സുരക്ഷിതമായി ചെയ്യാമെന്നിരിക്കെ പി.എസ്.സി സേവനങ്ങൾ മൊബൈലിലൂടെ ഉദ്യോഗാർത്ഥിക്ക് ലഭിക്കുന്നില്ല. കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഇല്ലാത്ത ഉദ്യോഗാർത്ഥികൾ അപേക്ഷകൾ അയയ്‌ക്കാൻ ഇപ്പോഴും ഇന്റർനെറ്റ് കഫേകളെ ആശ്രയിക്കേണ്ട അവസ്ഥ.
മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കിയാൽ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും. എന്നാൽ ഇനിയും തയ്യാറായിട്ടില്ല. ആപ്പ് തയ്യാറായാൽ ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ ഫോണിലൂടെ സേവനങ്ങൾ ലഭ്യമാകും.
ചില കാര്യങ്ങൾക്ക് കടലാസുകളെ ആശ്രയിക്കുന്ന സ്ഥിതി ഇപ്പോഴും പി.എസ്.സിയിലുണ്ട്. ഒന്നിലധികം റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ഇഷ്ടപ്പെട്ട ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ മറ്റ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് സ്വയം ഒഴിവാകണമെങ്കിൽ കടലാസിൽ അപേക്ഷ സമർപ്പിക്കേണ്ട അവസ്ഥയാണ്. നോട്ടറി അറ്റസ്റ്റേഷൻ നടത്തിയാണ് അപേക്ഷ നൽകേണ്ടത്. ഇതിനായി ഉദ്യോഗാർത്ഥി വലിയ തുക ചെലവഴിക്കണം. പ്രൊഫൈലിലൂടെ റീലിങ്ക്വിഷ്മെന്റ് (സ്വയം ഒഴിവാക്കലിനുള്ള) സൗകര്യം ഏർപ്പെടുത്താൻ പി.എസ്.സിക്കായിട്ടില്ല.
മൊബൈൽ ആപ്പിലൂടെ പി.എസ്.സി സേവനങ്ങൾ ലഭ്യമാക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.