കെവിൻ കേസ് : മറ്റ് കുറ്റങ്ങളും ശിക്ഷയും

Wednesday 28 August 2019 12:15 AM IST

കോട്ടയം: കെവിൻ വധക്കേസിലെ പ്രതികളായ നിയാസ് മോൻ, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരൻ, ഷിഫിൻ,​ നിഷാദ്,​ ടിറ്റു ജറോം, ഫസിൽ ഷെരീഫ്,​ ഷാനു ഷാജഹാൻ എന്നിവർക്ക് ഭവന ഭേദനത്തിന് (449) അഞ്ചു വർഷം കഠിന തടവും 5000 രൂപ പിഴയും. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു മാസം അധിക തടവ്. ഇവർക്കെല്ലാം സ്വത്ത് നശിപ്പിച്ചതിന് (427) ഒരു വർഷം കഠിന തടവും 5000 രൂപ പിഴയും ശിക്ഷയുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു മാസം അധിക തടവ്. മുഴുവൻ പ്രതികൾക്കും ഭീഷണിപ്പെടുത്തലിന് (506\2) മൂന്നു വർഷം കഠിനതടവ്. ഷാനു ചാക്കോ,​ നിയാസ്,​ റിയാസ് എന്നിവർക്കെതിരെ ഗൂഢാലോചന (120 ബി) തെളിഞ്ഞെങ്കിലും പ്രത്യേകം ശിക്ഷയില്ല. തെളിവ് നശിപ്പിച്ചതിന് (201)​ ഷിഫിൻ സജാദിന് മൂന്നു വർഷം കഠിന തടവും 5000 രൂപ പിഴയും ശിക്ഷയുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം. അധിക സമയം തടഞ്ഞുവയ്ക്കലിന് (342)​ ഷാനു ചാക്കോ, ഇഷാൻ എന്നിവർ ഒഴികെയുള്ള എല്ലാവർക്കും 6 മാസം തടവ് ശിക്ഷ വിധിച്ചു. ദേഹോപദ്രവം ഏല്പിക്കൽ, പൊതു ഉദ്ദേശ്യത്തോടെ സംഘം ചേരൽ (323) എന്നിവയ്ക്ക് നിഷാദ്, ഷാനു ഷാജഹാൻ എന്നിവർക്ക് ആറു മാസം ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.