സി.പി.എമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതിയെ നാടുകടത്തി

Thursday 13 February 2025 1:12 AM IST

പത്തനംതിട്ട: സി.പി.എമ്മിൽ ചേർന്ന കാപ്പാകേസ് പ്രതിയായ ശരൺ ചന്ദ്രനെ ജില്ലയിൽ നിന്ന് പൊലീസ് നാടുകടത്തി. ഡി.വൈ.എഫ്.ഐ മലയാലപ്പുഴ മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റാണിയാൾ. ഫെബ്രുവരി ഏഴുമുതൽ ഒരു വർഷത്തേക്ക് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നാണ് ജില്ല പൊലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ ഉത്തരവ്.

കഴിഞ്ഞ ജൂലായിൽ കുമ്പഴയിൽ നടന്ന പരിപാടിയിൽ മന്ത്രി വീണാജോർജിന്റെയും അന്നത്തെ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു അടക്കമുള്ള നേതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് ശരൺ അടക്കം 60 പേർ ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്നത്. മന്ത്രിയും നേതാക്കളും ശരൺചന്ദ്രനെ മാലയിട്ടാണ് സ്വീകരിച്ചത്. പാർട്ടിയിൽ ചേരുന്നതിന് ഒന്നരയാഴ്ച മുമ്പാണ് ശരൺ ജയിലിൽ നിന്നിറങ്ങിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. പാർട്ടിയിൽ ചേർന്നശേഷം മലയാലപ്പുഴയിൽ പൊലീസ് സ്റ്റേഷനടുത്ത് നടുറോഡിൽ കേക്ക് മുറിച്ച് ഇയാളുടെ പിറന്നാൾ ആഘോഷിച്ചത് വിവാദമായിരുന്നു. അന്നത്തെ ആഘോഷത്തിൽ പിടികിട്ടാപ്പുള്ളികളടക്കം പങ്കെടുത്തിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവർ സ്വയം തിരുത്തി സി.പി.എമ്മിലേക്ക് വന്നാൽ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടിലായിരുന്നു പാർട്ടി.

 പാർട്ടി ഇടപെടില്ല: രാജു ഏബ്രഹാം

ശരൺചന്ദ്രൻ പാർട്ടിയിൽ ചേരുന്നതിനു മുമ്പുള്ള കേസുകളെ തുടർന്നാണ് കാപ്പ നടപടിയെന്ന് സി.പി.എം ജില്ല സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ കാര്യത്തിൽ പാർട്ടി ഇടപെടില്ല. കേസുകളിൽ പ്രതിയാണെന്നത് പാർട്ടിയിലേക്ക് വരുന്നതിന് തടസ്സമല്ല. അവരെ പാർട്ടി സംരക്ഷിക്കില്ല. കേസിൽനിന്ന് രക്ഷപ്പെടാമെന്നു കരുതി ആരും പാർട്ടിയിൽ ചേരേണ്ട. മഹാത്മാഗാന്ധിയും കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും രാജു ഏബ്രഹാം പറഞ്ഞു.