ഈസ് ഓഫ് ഡൂയിംഗിൽ കേരളം ഒന്നാമത്: മന്ത്രി രാജീവ്
തിരുവനന്തപുരം: ഇൗസ് ഒഫ് ഡൂയിംഗ് ബിസിനസിൽ കേരളം ഒന്നാമതെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ അറിയിച്ചു. ഇൗസ് ഒഫ് ഡൂയിംഗിൽ കേരളം പിന്നിലാണെന്നും സേവ് പരീക്ഷ എഴുതുന്നവരുടെ പട്ടികയിലാണ് കേരളം മുന്നിലെന്ന് പ്രതിപക്ഷം നിയമസഭയിൽ ആക്ഷേപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി തെളിവ് സഹിതം വിശദീകരിച്ചത്. കേരളം ഇൗസ് ഒഫ് ഡൂയിംഗിൽ പെട്ടെന്ന് വളർച്ച കൈവരിച്ചതിനെ കുറിച്ച് ക്ളാസെടുക്കാൻ മസൂറിയിലെ ഐ.എ.എസ് അക്കാഡമിയിൽ കെ.എസ്.ഐ.ഡി.സി.ചെയർമാനെ ക്ളാസെടുക്കാൻ വിളിച്ചിട്ടുണ്ട്.
മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ വിപണി വില നൽകാമെന്ന നിയമം പാസാക്കിയെന്ന് പറയുന്നത് ശരിയല്ല. അന്ന് ഭൂമി ഏറ്റെടുക്കലിന് കൂടുതൽ നഷ്ടപരിഹാരം നൽകാൻ നിയമം കൊണ്ടുവന്നിരുന്നെങ്കിലും അതിൽ നിന്ന് ദേശീയപാത നിർമ്മാണത്തെ ഒഴിവാക്കിയിരുന്നു. മോദി സർക്കാരാണ് അത് ഉൾപ്പെടുത്തിയത്. അത് പ്രയോജനപ്പെടുത്തി കേരളത്തിൽ ദേശീയപാത നിർമ്മാണത്തിന് വഴിയൊരുക്കിയതും ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി നൽകിയ തുകയിൽ 6025കോടി വഹിക്കാൻ തയ്യാറായതും ഇടതുമുന്നണി സർക്കാരാണെന്നും മന്ത്രി പറഞ്ഞു.