കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം നാളെ മുതൽ കോഴിക്കോട്ട്

Thursday 13 February 2025 3:11 AM IST

കോഴിക്കോട്: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) 34-ാം സംസ്ഥാന സമ്മേളനം 14, 15, 16 തീയതികളിൽ കോഴിക്കോട്ട് നടക്കും. സമുദ്ര ഓഡിറ്റോറിയത്തിലെ കെ.ബാലകൃഷ്ണൻ നമ്പ്യാർ നഗറിലാണ് പ്രതിനിധി സമ്മേളനം. വിവിധ ജില്ലകളിൽ നിന്നായി 750 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സ്വാഗതസംഘം വൈസ് ചെയർമാൻ എ. പ്രദീപ്കുമാറും കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബദറുന്നീസ, പ്രസിഡന്റ് ഡി.സുധീഷ് എന്നിവർ അറിയിച്ചു.

ഇന്ന് വൈകിട്ട് അഞ്ചിന് പൊതുസമ്മേളന വേദിയായ മുതലക്കുളം മൈതാനത്ത് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം നാളെ രാവിലെ 9.30ന് വിദ്യാഭ്യാസ വിചക്ഷണൻ ഡോ. രാം പുനിയാനി ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രസിഡന്റ് ഡി.സുധീഷ് സംഘടനാ റിപ്പോർട്ടും ജനറൽ സെക്രട്ടറി കെ.ബദറുന്നീസ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. വൈകിട്ട് അഞ്ചിന് സാമ്പത്തിക രംഗത്തെക്കുറിച്ച് നടക്കുന്ന പ്രഭാഷണം ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം തുടരും. ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനം എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് മുതലക്കുളം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടീച്ചേഴ്‌സ് ബ്രിഗേഡ് ലോഞ്ചിംഗും മുഖ്യമന്ത്രി നിർവഹിക്കും.
ഞായറാഴ്ച രാവിലെ എട്ടിന് പുതിയ കൗൺസിലിനെ തിരഞ്ഞെടുക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, പി.എ.മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കെ.സി.മഹേഷ്, വി.പി.രാജീവൻ, പി.എസ്.സ്മിജ, കെ.ഷാജിമ, സി.സതീശൻ, വി.പി.മനോജ്, ആർ.എം.രാജൻ, എൻ.സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.