വയനാട്ടിൽ യുഡിഎഫ് ഹർത്താലിനിടെ സംഘർഷം; കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്

Thursday 13 February 2025 7:36 AM IST

കൽപ്പറ്റ: വയനാട്ടിൽ ഇന്ന് രാവിലെ യുഡിഎഫ് ഹർത്താൽ ആരംഭിച്ചതിന് പിന്നാലെ ലക്കിടിയിൽ സംഘർഷം. യുഡിഎഫ് പ്രവർത്തകർ ലക്കിടിയിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. വൈത്തിരി വാർ‌ഡ് മെമ്പർ ജ്യോതിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹർത്താൽ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ ലക്കിടിയിലെ ഗതാഗതം പുനഃസ്ഥാപിച്ചു.

വയനാട്ടിലെ തുടർച്ചയായ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹർത്താൽ നടത്തുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിൽ ഫാർമേഴ്സ് റിലീഫ് ഫോറത്തിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും നേതൃത്വത്തിലും ഹർത്താൽ നടന്നിരുന്നു. അവശ്യ സർവീസുകളെ ഇന്നത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ജില്ലയിൽ സർവീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം.

പാൽ, പത്രം,പരീക്ഷ, വിവാഹം, ആശുപത്രി എന്നീ ആവശ്യങ്ങൾക്കായുള്ള യാത്രകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ബത്തേരി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദീർഘദൂര ബസ് സർവീസുകൾ തുടങ്ങി. യുഡിഎഫിന്റെ ഹർത്താലിന് വിമർശിച്ച് എൽഡിഎഫ് നേതാക്കളും രംഗത്തെത്തി. വയനാട് എംപി പ്രിയങ്ക ഗാന്ധിക്കും മുൻ എംപി രാഹുൽ ഗാന്ധിക്കും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നാണ് എൽഡിഎഫിന്റെ വിമർശനം.