കൈക്കൂലിക്കാരുടെ പട്ടിക റെഡി, കൂടുതൽ പേർ റവന്യു വകുപ്പിൽ നിന്ന്; കെണിയിലാക്കാൻ വിജിലൻസ്

Thursday 13 February 2025 9:53 AM IST

തിരുവനന്തപുരം: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിക്കണമെന്ന് വിജിലൻസ് ഡയറക്ടരുടെ നിർദേശം. കൈക്കൂലിക്കാരായ 200 ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയിട്ടുണ്ട്.

പട്ടികയിലുള്ളതിൽ ഭൂരിഭാഗവും റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ഇവരെ നിരന്തരം നിരീക്ഷിക്കണമെന്നും കുരുക്കിലാക്കാൻ ശ്രമിക്കണമെന്നും വിജിലൻസ് എസ് പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ച് ജനങ്ങളിൽ നിന്ന് വിവരം തേടുകയാണെന്നും വിജിലൻസ് വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പ്രവർത്തനം എല്ലാ മാസവസാനവും വിലയിരുത്തണമെന്ന് വിജിലൻസ് ഡി ഐ ജിക്കും നിർദേശം നൽകിയിട്ടുണ്ട്. തൃപ്തികരമായ രീതിയിൽ പ്രവർത്തിക്കാത്തവരെ മാതൃസേനയിലേക്ക് തിരിച്ചയക്കാനാണ് ഡയറക്ടർ യോഗേഷ് ഗുപ്തയുടെ തീരുമാനം.