ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ മൂന്ന് കൊല്ലത്തോളം ജയിലിന് വെളിയിൽ; പരോൾ വിവരങ്ങൾ പുറത്ത്

Thursday 13 February 2025 12:29 PM IST

തിരുവനന്തപുരം: ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങൾ പുറത്ത്. കേസിലെ മൂന്ന് പ്രതികൾക്ക് ആയിരം ദിവസത്തിൽ കൂടുതൽ പരോൾ ലഭിച്ചു. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതുമുതലുള്ള കണക്കാണിത്. നിയനസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

കേസിലെ പ്രതികളായ ട്രൗസർ മനോജിനും സജിത്തിനുമാണ് കെ സി രാമചന്ദ്രനുമാണ്‌ ആയിരം ദിവസത്തിൽ കൂടുതൽ പരോൾ ലഭിച്ചത്. കെ സി രാമചന്ദ്രന് 1081 ദിവസവും മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവുമാണ് പരോൾ ലഭിച്ചത്.

മറ്റ് പ്രതികളായ ടി കെ രജീഷിന് 940 ദിവസവും കിർമാണി മനോജിന് 851 ദിവസവും എംസി അനൂപിന് 900 ദിവസവും ഷിനോജിന് 925 ദിവസവും മുഹമ്മദ് ഷാഫിക്ക് 656 ദിവസവും റഫീഖിന് 752 ദിവസവുമാണ് പരോൾ ലഭിച്ചത്. കൊടി സുനിക്ക് 2018ന് ശേഷം കൊവിഡ് സ്‌പെഷൽ ലീവ്, ഓർഡിനറി ലീവ്, എമർജൻസി ലീവ് എന്നീ വിഭാഗത്തിൽ രണ്ട് മാസം മാത്രമേ പരോൾ ലഭിച്ചിട്ടുള്ളൂ.

വടകരയ്ക്കടുത്ത് ഒഞ്ചിയത്തുവച്ച് 2012 മേയ് നാലിനാണ് ടി പി കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി പി എമ്മിൽ നിന്ന് വിട്ടുപോയി ആർ എം പി എന്ന പാർട്ടിയുണ്ടാക്കിയതിൽ പ്രതികൾ പകവീട്ടുകയായിരുന്നെന്നാണ് കേസ്.