46 ദിവസത്തെ ആശുപത്രി വാസം; ഉമതോമസ് എംഎൽഎ ആശുപത്രി വിട്ടു

Thursday 13 February 2025 6:48 PM IST

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മെഗാ നൃത്തസന്ധ്യയ്ക്കി​ടെ സ്റ്റേജി​ൽനി​ന്ന് വീണ് ഗുരുതരമായി​ പരി​ക്കേറ്റ ഉമ തോമസ് എംഎൽഎ ആശുപത്രിവിട്ടു. 46ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജ്. നിലവിൽ ഉമ തോമസിന്റെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

ചികിത്സ പൂർത്തിയാക്കി ആശുപത്രി വിടുന്ന കാര്യം ബുധനാഴ്ച ഉമ തോമസ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. തന്നെ ശുശ്രൂഷിച്ച ഡോക്ടർമാർ, നഴ്സസ്, സപ്പോർട്ട് സ്റ്റാഫ്സ് എന്നിവർക്കും കൂടെ നിന്ന സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങള്‍ എന്നിവർക്കും നന്ദി അറിയിച്ചായിരുന്നു ഉമ തോമസ് പോസ്റ്റിട്ടത്.

ഡിസംബർ 29നാണ് അപകടമുണ്ടായത്. കലൂർ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു തൃക്കാക്കര എംഎല്‍എ. ഇതിനിടെ വിഐപി ഗ്യാലറിയില്‍ നിന്ന് എംഎൽഎ താഴേക്ക് വീഴുകയായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് പോകുമ്പോള്‍, ഗാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് എംഎൽഎ താഴേക്ക് വീഴുകയായിരുന്നു.

രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഉമ തോമസിനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയത്. കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് ഉമ തോമസ് വീണത്. വീഴ്തയുടെ ആഘാതത്തില്‍ എംഎല്‍എയുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. റെക്കാഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം എന്ന നൃത്തസന്ധ്യക്കിടെയാണ് അപകടം സംഭവിച്ചതും എംഎല്‍എക്ക് ഗുരുതരമായി പരിക്കേറ്റതും.