അഗ്നിസാക്ഷിയായി ആരതിക്ക് മാല ചാർത്തി റോബിൻ, ചിത്രങ്ങൾ പുറത്ത്

Thursday 13 February 2025 6:59 PM IST

ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനും സംരംഭകയും ഫാഷൻ ഡിസൈനറുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹം ഫെബ്രുവരി 16ന് നടക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഗുരുവായൂരിൽ വച്ചായിരിക്കും വിവാഹം എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇവരുടെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബോളിവുഡ് സ്റ്റൈലിൽ നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അഗ്നിസാക്ഷിയായി പരസ്പരം മാല ചാർത്തി ആരതിയുടെ കൈപിടിച്ചിരിക്കുന്ന റോബിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇരുവരുടെയും മാതാപിതാക്കളും സഹോദരങ്ങളും ചിത്രങ്ങളിൽ ഉണ്ട്. അതേസമയം താലികെട്ട് ചടങ്ങാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ബോളിവുഡ് വിവാഹങ്ങളിൽ പ്രചാരത്തിലുള്ള ഫെറാ ശൈലിയിലുള്ള ചടങ്ങുകളാണ് നടന്നത്. പരസ്പരമുള്ള ഏഴ് പ്രതിജ്ഞകളാണ് ഈ ചടങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഏഴു പ്രതിജ്ഞകളെ കുറിച്ചും ചിത്രങ്ങൾക്കൊപ്പം ആരതി കുറിച്ചിട്ടുണ്ട്. ആരതി തന്നെയാണ് ഇരുവരുടെയും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. വെള്ളയും ഗോൾഡൻ നിറത്തിലുമുള്ള പൈജാമയും കോട്ടും ആഭരണങ്ങളും അണിഞ്ഞാണ് റോബിൻ എത്തിയത്. അതേസമയം വിവാഹചടങ്ങുകൾ നടന്ന സ്ഥലത്തെകുറിച്ച് വേദിയോ കുറിച്ച് ഇരുവരും വ്യക്തമാക്കിയിട്ടില്ല, കഴിഞ്ഞ ദിവസം നടന്ന ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും ഇരുവരും പങ്കുവച്ചിരുന്നു.