നാളെ കേരളത്തിൽ; ബൊച്ചെയോട് മലയാളത്തിൽ സംസാരിച്ച് 'മൊണാലിസ'

Thursday 13 February 2025 9:18 PM IST

മഹാകുംഭമേളയിലൂടെ വൈറലായ ചാരക്കണ്ണുള്ള 'മൊണാലിസ'എന്ന് അറിയപ്പെടുന്ന മോണി ബോൻസ്ലെ നാളെയാണ് കേരളത്തിൽ എത്തുന്നത്. കോഴിക്കോട് ചെമ്മണ്ണൂർ ജുവലേഴ്‌സിന്റെ പുതിയ ഷോറും ഉദ്ഘാടനത്തിനാണ് മോണാലിസ എത്തുന്നത്. ബോച്ചെ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്.

മൊണാലിസയുടെ വീഡിയോയും ബോച്ചെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മൊണാലിസ വരുന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയിച്ചിരിക്കുകയാണ് ബൊച്ചെ. വീഡിയോ കാളിലൂടെ മൊണാലിസയുമായി സംസാരിക്കുന്ന വീഡിയോയാണ് ബൊച്ചെ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. സുഖമാണോയെന്നും താൻ കേരളത്തിലേക്ക് വരികയാണെന്നുമാണ് മൊണാലിസ ബൊച്ചെയോട് പറയുന്നത്.

ഹണി റോസിന്റെ അറസ്റ്റിനും ജയിൽവാസത്തിനും ശേഷം ബോബി ചെമ്മണ്ണൂർ പങ്കെടുക്കുന്ന ആദ്യത്തെ പരിപാടി കൂടിയാണിത്. ലക്ഷങ്ങൾ പ്രതിഫലം നൽകിയാണ് ഉദ്ഘാടനത്തിനായി മൊണാലിസയെ എത്തിക്കുന്നത് എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. 15 ലക്ഷം രൂപയാണ് വൈറൽ താരത്തിന് പ്രതിഫലമായി നൽകുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഉദ്ഘാടനത്തിന് എത്തുന്ന സെലിബ്രിറ്റികൾക്ക് നൽകുന്നത് പോലെ കുറഞ്ഞത് രണ്ട് പവന്റെ ആഭരണങ്ങളെങ്കിലും നൽകാൻ സാദ്ധ്യത ഉണ്ടെന്നാണ് പലരും കമന്റ് ചെയ്യുന്നത്. പെൺകുട്ടിക്ക് മികച്ച വിദ്യാഭ്യാസത്തിന് അവസരം നൽകണമെന്നും അതിന് കൂടി ബോച്ചെ ശ്രമിക്കണമെന്നും ചിലർ നിർദ്ദേശിക്കുന്നു.

ഇൻഡോറിൽ നിന്നുള്ള മാലവില്പനക്കാരിയാണ് 'മൊണാലിസ. ഇരുണ്ട നിറവും ചാരക്കണ്ണുകളും വശ്യമനോഹരമായ പുഞ്ചിരിയുമായെത്തിയ പെൺകുട്ടിയുടെ ചിത്രങ്ങൾ വ്‌ളോഗർമാർ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. പിന്നാലെ സിനിമയിലേക്കും മൊണാലിസയ്ക്ക് ക്ഷണം ലഭിച്ചു.