ഉമാ തോമസ് ആശുപത്രി വിട്ടു

Friday 14 February 2025 1:02 AM IST

കൊച്ചി: ''പ്രിയപ്പെട്ട പി.ടി ദൈവത്തോടൊപ്പം നിന്ന് ചേർത്തു നിറുത്തിയതാകാം എന്നെ. ആരോഗ്യവതിയായി മടങ്ങാനാകുന്നതിൽ സന്തോഷം. എത്രയും വേഗം പ്രവർത്തനങ്ങളിലേക്ക് മടങ്ങിയെത്തും..."" നിറ ചിരിയോടെയുള്ള ഉമ തോമസ് എം.എൽ.എയുടെ വാക്കുകളെ നിറഞ്ഞ കൈയടിയോടെയാണ് ആശുപത്രി ജീവനക്കാരും പാർട്ടി പ്രവർത്തകരും ബന്ധുക്കളും സ്വീകരിച്ചത്.കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വീണു പരിക്കേറ്റ് 47-ാം ദിവസമായ ഇന്നലെ പാലാരിവട്ടം റിനൈ ആശുപത്രി വിടുന്നതിനു മുമ്പ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ.

ഡിസംബർ 29ന് ഉയരത്തിലുള്ള സ്റ്റേജിൽ നിന്ന് വീണ് നട്ടെല്ലിനും ശ്വാസകോശത്തിനും കണ്ണിനുമേറ്റ ഗുരുതര പരിക്കുകളോടെയാണ് ഉമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉമ തോമസിന്റെ മനക്കരുത്താണ് വേഗത്തിലുള്ള തിരിച്ചുവരവിന് സഹായകമായതെന്ന് ആശുപത്രി സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണദാസ് പോളക്കുളത്തും ഒരു മാസം കൂടി കൃത്യമായ വിശ്രമം വേണമെന്ന് ഡോ. കൃഷ്ണനുണ്ണി പോളക്കുളത്തും

പറഞ്ഞു.കേക്ക് മുറിച്ചും ചികിത്സിച്ച ജീവനക്കാരെല്ലാം ഒപ്പിട്ട ഉപഹാരം സമ്മാനിച്ചുമാണ് ഉമയെ ആശുപത്രിയിൽ നിന്ന് യാത്രയാക്കിയത്..