ആദ്യഘട്ടത്തിൽ നാല് ജില്ലകൾ, ഇവിടങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ ഉടമസ്ഥർക്ക് നല്ല വരുമാനത്തിന് വഴിയൊരുങ്ങുന്നു

Friday 14 February 2025 11:11 AM IST

തിരുവനന്തപുരം: സംസ്ഥാന ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച കെ ഹോംസ് പദ്ധതി ആദ്യ ഘട്ടത്തിൽ നാല് ജില്ലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോവളം, കുമരകം, മൂന്നാർ, ഫോർട്ട് കൊച്ചി എന്നിവിടങ്ങൾക്ക് സമീപമാണ് പദ്ധതി നടപ്പിലാക്കുക. ഈ നാല് കേന്ദ്രങ്ങൾക്കും 10 കി.മി ചുറ്റളവിലെ മികച്ച സൗകര്യമുള്ള ഒഴിഞ്ഞു കിടക്കുന്ന വീടുകൾ തിരഞ്ഞെടുക്കും.

ആതിഥേയ ശൃംഖലയുടെ വിപുലീകരണത്തിലൂടെ കേരള ടൂറിസത്തിന് പുതിയ മാനങ്ങൾ കൈവരിക്കാനാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബഡ്‌ജറ്റിൽ കെഹോംസ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി അഞ്ച് കോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

വീടുകളിൽ മിതമായ നിരക്കിൽ താമസ സൗകര്യമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വിജയകരമായാൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. പുതിയ പദ്ധതിയിലൂടെ വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞ് കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും സാധിക്കും.