ക്ഷോഭിക്കുന്ന കൊങ്കൺ കടൽ മലയാളി മതിലിൽ മെരുങ്ങി, കപ്പലുകൾക്ക് സുഗമയാത്ര

Saturday 15 February 2025 4:46 AM IST

ബ്രേക്ക് വാട്ടറിന്റെ തീരത്തുനിന്നുള്ള കാഴ്‌ച

കൊച്ചി: ക്ഷാേഭിക്കുന്ന കൊങ്കൺ കടലിനെ അടക്കിനിറുത്തി കപ്പലുകൾക്ക് വഴിയൊരുക്കാൻ മലയാളികൾ നേതൃത്വം നൽകിയ പടുകൂറ്റൻ മതിൽ.

2.3 കിലോമീറ്റർ നീളമുള്ള 'ബ്രേക്ക് വാട്ടർ' മാർച്ചിൽ കമ്മിഷൻ ചെയ്യും.

കോതമംഗലം സ്വദേശി​ ടോണി​ മാത്യുവും ചങ്ങനാശേരി സ്വദേശി ടിജോ മാത്യുവുമാണ് ചുക്കാൻ പി​ടി​ച്ചത്. ഇരുവരും കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ പഠിച്ചവർ.

മഹാരാഷ്ട്രയിലെ ദാബോൾ എൽ.എൻ.ജി ടെർമിനലിൽ കപ്പലുകൾക്ക് കടൽക്ഷോഭം കാരണം വർഷത്തിൽ അഞ്ചുമാസം അടുക്കാൻ കഴിയില്ലായിരുന്നു. ഇതിനു പരിഹാരമായാണ്

തീരത്തു നിന്ന് 2.75 കിലോമീറ്റർ അകലെ ഇതു നിർമ്മിച്ചത്.

കൊങ്കൺ എൽ.എൻ.ജി ലിമിറ്റഡ് (കെ.എൽ.എൽ) ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കം ചീഫ് ജനറൽ മാനേജർ എന്ന നിലയിലാണ് ടോണി​മാത്യു ചുക്കാൻ പിടിച്ചത്. നിർമ്മാണം ഏറ്റെടുത്ത

എൽ ആൻഡ് ടി ഹെവി സിവിൽ ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് മറൈൻ വിഭാഗം മേധാവി എന്ന നിലയിലാണ് ടിജോ മാത്യു ദൗത്യം ഏറ്റെടുത്തത്.

കൊച്ചി - മംഗളൂരു എൽ.എൻ.ജി പൈപ്പ്ലൈൻ സ്ഥാപിച്ചതും ടോണി​യുടെ നേതൃത്വത്തിലാണ്.

ദുഷ്കരമായ കൊങ്കൺ​ റെയി​ൽവേ 1997ൽ യാഥാർത്ഥ്യമാക്കി​യതി​ന് പി​ന്നി​ൽ മെട്രോമാൻ ഇ. ശ്രീധരനും എസ്.എൻ.ഡി​.പി​ യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി​ നടേശൻ ഉൾപ്പെടെയുള്ള മലയാളി​ കരാറുകാരുമായി​രുന്നു.

2013ലാണ് എൽ.എൻ.ജി ടെർമിനൽ കമ്മിഷൻ ചെയ്തത്. ബ്രേക്ക് വാട്ടർ കരാറെടുത്ത അമേരിക്കൻ കമ്പനിയായ എൻവിറോ 500 മീറ്ററായപ്പോൾ പിന്മാറി. 2020ൽ ഏറ്റെടുത്ത 1.8 കിലോമീറ്റർ നിർമ്മാണമാണ് എൽ ആൻഡ് ടി പൂർത്തിയാക്കിയത്.

കടലിൽ കല്ലുകളിട്ട് അടിത്തറ സ്ഥാപിച്ചു. അതിനുമുകളിൽ വലിയ കല്ലുകൾ സ്ഥാപിച്ച് മതിൽ സൃഷ്ടിച്ചു. കൂട്ടിയോജിപ്പിക്കാവുന്നതും 22 ടൺ വീതം ഭാരമുള്ളതുമായ കോൺക്രീറ്റ് അക്രോപോഡുകൾ മതിലിന് ചുറ്റും ഉറപ്പിച്ചു.

ഫ്രഞ്ച് സാങ്കേതി​കവി​ദ്യ ഉപയോഗി​ച്ചാണ് നി​ർവഹി​​ച്ചത്.

ബ്രേക്ക് വാട്ടർ

(മീറ്ററിൽ)

അടിത്തട്ടിലെ വീതി............. 100

മേൽത്തട്ടിലെ വീതി................. 7.35

കടലിലെ ആഴം........................ 18

ജലനിരപ്പിന് മുകളിൽ............. 7.35

എൽ. ആന്റ് ടി കരാർ തുക....608 കോടി

`ബ്രേക്ക് വാട്ടർ പൂർത്തിയായതോടെ വർഷം മുഴുവൻ കപ്പലുകൾക്ക് പ്രവേശിക്കാം. ടെർമിനലിന്റെ ശേഷി പൂർണമായി വിനിയോഗിക്കാനും കഴിയും.'

ടോണി മാത്യു

സി.ഇ.ഒ., സി.ജി.എം

കൊങ്കൺ എൽ.എൻ.ജി ലിമിറ്റഡ്