ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഗവേഷണം ആരംഭിക്കണം: ഗവർണർ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഗവേഷണം ആരംഭിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദ്യ പി.ജി ബാച്ചിന്റെ ബിരുദദാനം നടത്താൻ ചേർന്ന യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
താൻ ചുമതലയേറ്റ ശേഷമുള്ള ആദ്യ യൂണിവേഴ്സിറ്റി സെനറ്റ് യോഗമാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തുന്നതിന് ഓപ്പൺ യൂണിവേഴ്സിറ്റി കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. ഐ.ഐ.ടി ഹൈദ്രാബാദ് പോലുള്ള സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ കോഴ്സുകൾ രൂപകല്പന ചെയ്യണം. കേരളത്തിൽ പോർട്ട് അധിഷ്ഠിത കോഴ്സുകൾക്കുള്ള സാദ്ധ്യത പരിശോധിക്കണം. സെനറ്റ് അംഗങ്ങൾക്ക് പുരോഗമനപരമായ ഒരുപാട് അക്കാഡമിക്ക് ഇടപെടൽ നടത്താമെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് സിൻഡിക്കേറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ യൂണിവേഴ്സിറ്റി നേടിയ വളർച്ച ചൂണ്ടിക്കാട്ടി ഗവർണർ അഭിനന്ദിച്ചു.
യൂണിവേഴ്സിറ്റിയുടെ ആദ്യ പി.ജി ബാച്ചിലെ 837 പേരുടെ ബിരുദ സർട്ടിഫിക്കറ്റ് സെനറ്റ് യോഗം അംഗീകരിച്ചു.
വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ബിജു.കെ.മാത്യു, ഡോ. കെ.ശ്രീവത്സൻ, ഡോ. എം.ജയപ്രകാശ്, ഡോ. സി.ഉദയകല, ഡോ. എ.പസിലിത്തിൽ, പ്രൊഫ. ടി.എം.വിജയൻ, എ.നിസാമുദ്ദീൻ, ഡോ. റെനി സെബാസ്റ്റിൻ, കെ.അനുശ്രീ, പ്രോ വൈസ് ചാൻസലർ ഇൻ ചാർജ് ഡോ. ജെ.ഗ്രേഷ്യസ്, രജിസ്ട്രാർ ഡോ. എ.പി.സുനിത എന്നിവർ പങ്കെടുത്തു.
അദ്ധ്യാപകർക്ക് പരിശീലനവുമായി എസ്.സി.ഇ.ആർ.ടി
ആർ.സ്മിതാദേവി
തിരുവനന്തപുരം: പുതുതായി സർവീസിലെത്തുന്ന അദ്ധ്യാപകരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഒരാഴ്ച നീളുന്ന പരിശീലനപദ്ധതിയുമായി എസ്.സി.ഇ.ആർ.ടി. ഇതിനായി സർക്കാർ അഞ്ചുകോടി രൂപ ബജറ്റിൽ വകയിരുത്തി.
ഒന്ന് മുതൽ പത്ത് വരെ ക്ളാസുകളിലെ അദ്ധ്യാപകർക്കുള്ള നിർബന്ധിത റസിഡൻഷ്യൽ പരിശീലനം ജില്ലാ കേന്ദ്രങ്ങളിലാണ്.
അൻപത് മണിക്കൂറാണ് ദൈർഘ്യം. വിദ്യാഭ്യാസരംഗത്തെ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും.
പാഠ്യപദ്ധതിക്ക് പുറമേ കുട്ടികളുടെ മനഃശാസ്ത്രം,കേരള വിദ്യാഭ്യാസചരിത്രം, സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തേണ്ടവിധം, മൂല്യനിർണയം എന്നിങ്ങനെയായിരിക്കും മോഡ്യൂൾ.
പരിശീലനത്തിൽ പങ്കെടുത്ത അദ്ധ്യാപകർക്ക് നിശ്ചിത ഇടവേളകളിൽ റിഫ്രഷ്മെന്റും സംഘടിപ്പിക്കും. ഇതിനായി എസ്.സി.ഇ.ആർ.ടി പ്രത്യേകം ലേണിംഗ് മാനേജ്മെന്റ് സംവിധാനം ഒരുക്കും.
പുതിയ പാഠ്യപദ്ധതിയെക്കുറിച്ച് നിലവിലുള്ള അദ്ധ്യാപകർക്ക് നാലുദിവസത്തെ പരിശീലനം ഏപ്രിൽ - മേയ് മാസങ്ങളിൽ നൽകും.