സ്ലാബ് ഇടാതെ റോഡ് നിർമ്മിക്കുന്നു
കോന്നി: തണ്ണിത്തോട് - കരുമാൻതോട് റോഡിൽ വീടുകളിലേക്ക് കയറാനുള്ള റോഡുകൾ സ്വകാര്യ വ്യക്തികൾ ഓടകൾക്ക് സ്ലാബ് ഇടാതെ കോൺക്രീറ്റും ടാറിംഗും നടത്തുന്നതായി പരാതി. ഒരു വർഷം മുമ്പ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ വികസിപ്പിച്ച റോഡാണിത്. തണ്ണിത്തോട് മൂഴി മുതൽ കരുമാൻതോട് വരെയുള്ള ഭാഗങ്ങളിലെ റോഡിലാണ് ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾ വീടുകളിലേക്ക് കയറാനുള്ള റോഡുകൾ നിർമ്മിച്ചിട്ടുള്ളത്. റോഡുകളുടെ കോൺക്രീറ്റും ടാറിംഗും നടത്തുമ്പോഴും വെള്ളം ഒലിച്ചു പോകാനുള്ള സംവിധാനമില്ല. പൊതുമരാമത്ത് വകുപ്പ് റോഡിലെ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മലയോര മേഖലയിലെ നിരവധി ജനങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. കാനനക്ഷേത്രമായ ആലുവാംകൂടി മഹാദേവക്ഷേത്രത്തിലേക്കും ഭക്തജനങ്ങൾ പോകുന്നത് ഈ റോഡിലൂടെയാണ്. കരുമാൻതോട്, തുമ്പക്കുളം, പൂച്ചക്കുളം, മൂർത്തിമൺ,തേക്കുതോട്, ഏഴാംതല തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ തണ്ണിത്തോട്ടിലേക്കും കോന്നിയിലേക്കും, പത്തനംതിട്ടയിലേക്കും വരുവാൻ റോഡ് ഉപയോഗിക്കുന്നു. റോഡിന്റെ കുറെ ഭാഗങ്ങൾ പ്ലാന്റേഷൻ കോർപ്പറേഷന്റെ തണ്ണിത്തോട് എസ്റ്റേറ്റിലൂടെയാണ് കടന്നുപോകുന്നത്. എസ്റ്റേറ്റിലെ തൊഴിലാളികളും പതിവായി ഈ റോഡ് ഉപയോഗിക്കുന്നു.